യുഡിഎഫ് എംഎൽഎമാരുടെ സത്യാഗ്രഹം എട്ടാം ദിവസത്തിലേക്ക്; കണ്ട ഭാവം പോലുമില്ലാതെ സർക്കാരും സ്പീക്കറും: നിയമസഭയിലേക്ക് ഇന്ന് യുഡിഎഫ് മാർച്ച്
ശബരിമല പ്രശ്നം ഉന്നയിച്ച് നിയമസഭാ കവാടത്തിൽ യുഡിഎഫ് എംഎൽഎമാർ നടത്തുന്ന സത്യാഗ്രഹ സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നു. ഇതുവരെ ചർച്ചയ്ക്ക് സർക്കാരോ സ്പീക്കറോ തയ്യാറാകാത്ത സാഹചര്യത്തിൽ എങ്ങനെയെങ്കിലും സമരം അവസാനിപ്പിക്കാനുള്ള തത്രപ്പാടിലാണ് പ്രതിപക്ഷം. സഭയിൽ വിഷയം ഇന്നും പ്രതിപക്ഷം ഉന്നയിക്കും.
സത്യാഗ്രഹമിരിക്കുന്ന എംഎൽഎമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഡിഎഫ് ഇന്ന് നിയമസഭാ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. ഇന്ന് രാവിലെ യുഡിഎഫിന്റെ പാർലമെന്ററി പാർട്ടി യോഗം ചേരുന്നുണ്ട്. ഇതിൽ തുടർ സമരപരിപാടികൾ തീരുമാനിക്കും.
വി എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, എൻ ജയരാജ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാറോ സ്പീക്കറോ ഇതുവരെ പരിഗണിച്ചിട്ടില്ല