ദിലീപിനെതിരെ നടി നൽകിയ പരാതിയിൽ വാസ്തവമുണ്ടായിരുന്നു; ഇടവേള ബാബുവിന്റെ മൊഴി പുറത്ത്
നടി ആക്രമിക്കപ്പെട്ട സംഭവവുമായി അമ്മയുടെ ഭാരവാഹി ഇടവേള ബാബു പോലീസിന് നൽകിയ മൊഴി പുറത്ത്. സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് നടി ദിലീപിനെതിരെ നൽകിയ പരാതിയിൽ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു എന്നാണ് ഇടവേള ബാബുവിന്റെ മൊഴിയിലുള്ളത്
നടി ദിലീപിനെതിരെ രേഖാ മൂലം പരാതി നൽകിയിരുന്നില്ലെന്നാണ് അമ്മ നേരത്തെ വാദിച്ചിരുന്നത്. ഈ വാദത്തെ പൊളിക്കുന്നതാണ് ഇടവേള ബാബു പോലീസിന് നൽകിയിരിക്കുന്ന മൊഴി. നടിയുടെ പരാതിയിൽ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. ഇക്കാര്യം ദിലീപിനോട് ചോദിച്ചപ്പോൾ ആവശ്യമില്ലാത്ത കാര്യങ്ങളിൽ എന്തിനാണ് ഇടപെടുന്നത് എന്നായിരുന്നു ചോദ്യമെന്നും ബാബുവിന്റെ മൊഴിയിൽ പറയുന്നു
ദിലീപിനെ താരസംഘടനയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാർ കഴിഞ്ഞ ദിവസം അമ്മയിൽ നിന്ന് രാജി വെച്ചിരുന്നു. ദിലീപ് മുമ്പും തന്റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതിപ്പെട്ടപ്പോൾ അമ്മ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും രാജിക്ക് ശേഷം നടി പ്രതികരിച്ചിരുന്നു