എല്ലാ ഷട്ടറുകളും ഉയർത്തി; പെരിയാർ കുതിച്ചൊഴുകുന്നു; ആശങ്ക വർധിച്ചു
കനത്ത മഴയിൽ ജലനിരപ്പ് പരമാവധി ശേഷിയിലെത്തിയതിനെ തുടർന്ന് ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. 11.45ഓടെ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നിരുന്നു. എന്നിട്ടും ഡാമിലെ ജലനിരപ്പ് പിടിച്ചുനിർത്താൻ സാധിക്കാതെ വന്നതോടെയാണ് എല്ലാ ഷട്ടറുകളും ഉയർത്തിയത്
സെക്കന്റിൽ 6 ലക്ഷം ലിറ്റർ വെള്ളമാണ് അണക്കെട്ടിന് പുറത്തേക്ക് ഒഴുക്കുന്നത്. ഇന്ന് രാവിലെ ഒന്നേകാൽ ലക്ഷം ലിറ്റർ വെള്ളമാണ് ഒഴുക്കി വിട്ടിരുന്നത്. ഉച്ചയോടെ ഇത് മൂന്ന് ലക്ഷമാക്കി ഉയർത്തി.
നിലവിൽ ഡാമിന്റെ ജലനിരപ്പ് 2401.60 അടിയാണ്. അഞ്ച് ഷട്ടറുകളും തുറന്നതോടെ ചെറുതോണി ടൗൺ വെള്ളത്തിൽ മുങ്ങി. ചെറുതോണി നദിയുടെ ഇരുകരകളിലും വെള്ളം ഇരച്ചുകയറി. പാലത്തിന് മുകളിലൂടെയാണ് വെള്ളം കുതിച്ചുപായുന്നത്. നിരവധി മരങ്ങളും കടപുഴകി വീണു. നദീ തീരത്തുണ്ടായിരുന്ന ഒരു വീട് തകർന്നു.
വെള്ളം നാല് മണിക്കൂറുകൾക്കകം എറണാകുളം ജില്ലയിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ആലുവ ഇപ്പോൾ തന്നെ വെള്ളക്കെട്ടിൽ മുങ്ങിയിരിക്കുകയാണ്. കൂടുതൽ വെള്ളം ഇടുക്കിയിൽ നിന്ന് തുറന്നുവിട്ടതോടെ ആലുവയിലും ആശങ്ക വർധിച്ചിട്ടുണ്ട്