മൂന്ന് ഷട്ടർ ഉയർത്തിയിട്ടും ഡാമിലെ ജലനിരപ്പ് കുറയുന്നില്ല; കൂടുതൽ വെള്ളം ഒഴുക്കേണ്ടി വരും
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാൻ തീരുമാനം. നിലവിൽ മൂന്ന് ഷട്ടറുകൾ 40 സെന്റിമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. സെക്കന്റിൽ 1,25,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതിന്റെ അളവ് വർധിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്
മൂന്ന് ഷട്ടറുകൾ ഉയർത്തിയിട്ടും ഡാമിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. നിലവിൽ 2401.34 അടിയാണ് ജലനിരപ്പ്. ഇന്ന് രാവിലെ 2401 അടിയിലെത്തിയപ്പോഴാണ് ഇന്നലെ തുറന്ന ഒരു ഷട്ടറിനൊപ്പം രണ്ട് ഷട്ടറുകൾ കൂടി ഉയർത്തിയത്.
കൂടുതൽ ഉയരത്തിൽ ഷട്ടർ ഉയർത്തി സെക്കന്റിൽ 3 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് വിടാനാണ് തീരുമാനം. ഷട്ടറുകൾ തുറന്നതോടെ ചെറുതോണിയുടെ കരകളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ചെറുതോണി ടൗണിൽ ഗതാഗതം നിരോധിച്ചു. ചെറുതോണി പാലവും കവിഞ്ഞാണ് വെള്ളമൊഴുകുന്നത്. കരയുടെ ഇരുവശങ്ങളും ഇടിയുന്നതും വലിയ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്