പ്രളയം വിതച്ച് പെരിയാർ: ആലുവയിൽ രക്ഷാപ്രവർത്തനത്തിന് സൈന്യമെത്തി; മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങൾ നാളെ സന്ദർശിക്കും

  • 139
    Shares

ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. വ്യാഴാഴ്ച ട്രയൽ റണ്ണിന്റെ ഭാഗമായി ഒരു ഷട്ടർ തുറന്നിരുന്നു. ഇടുക്കിയിൽ മഴ ശക്തമായതും ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതുമാണ് അഞ്ച് ഷട്ടർ തുറക്കുന്നതിലേക്ക് എത്തിച്ചത്. ഉച്ചയ്ക്ക് മുമ്പ് തന്നെ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നിരുന്നു. രണ്ട് മണിയോടെയാണ് അഞ്ച് ഷട്ടറുകളും ഉയർത്തിയത്. 1982ന് ശേഷം ഇതാദ്യമായാണ് ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറക്കുന്നത്.

വെള്ളിയാഴ്ച രാവിലെ സെക്കന്റിൽ 1,25,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. അണക്കെട്ടിൽ ജലനിരപ്പ് 2401 അടി കടന്നതോടെ മൂന്ന് ഷട്ടർ ഉയർത്തി. ഒരു മീറ്റർ വീതം ഉയർത്തി സെക്കന്റിൽ മൂന്ന് ലക്ഷം ലിറ്റർ വെള്ളമാണ് ആദ്യം പുറത്തുവിട്ടത്. ഉച്ചയോടെ അഞ്ച് ഷട്ടർ ഉയർത്തുകയും സെക്കന്റിൽ ആറ് ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുകയും ചെയ്തു. വൈകുന്നേരം 4.45ന് അണക്കെട്ടിൽ നിന്ന് സെക്കന്റിൽ ഏഴര ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കി. ഡാമിലേക്ക് സെക്കന്റിൽ ഒമ്പത് ലക്ഷം ലിറ്റർ വെള്ളം വന്നു നിറയുന്ന സാഹചര്യത്തിലാണ് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാൻ അധികൃതർ നിർബന്ധിതരായത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഡാമിലെ ജലനിരപ്പ് 2402 അടിയിലേക്ക് എത്തി.

അഞ്ച് ഷട്ടറുകളും തുറന്ന് വെള്ളം കൂടുതൽ തുറന്നുവിട്ടതോടെ ചെറുതോണി ടൗൺ വെള്ളത്തിൽ മുങ്ങി. പെരിയാർ തീരത്തുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നദി തീരത്ത് നിന്ന നിരവധി മരങ്ങൾ കടപുഴകി ഒഴുകി. വെള്ളിയാഴ്ച മൂന്ന് മണിയോടെ തന്നെ ചെറുതോണി പാലവും വെള്ളത്തിനടിയിലായി. നദിക്കരികിൽ സ്ഥിതി ചെയ്തിരുന്ന വീടുകളും വെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നിട്ടുണ്ട്. ഇടുക്കി ജില്ലയിൽ വാഴത്തോപ്പ്, കഞ്ഞുക്കുഴി, മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളെയാണ് ജലപ്രവാഹം കാര്യമായി ബാധിച്ചത്. ഇവിടെ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നായി പെരിയാർ തീരത്ത് നിന്ന് 65,00 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടതായി വരും.

എറണാകുളത്തും ഇടുക്കിയിലും സർക്കാർ അതിജാഗ്രതാ നിർദേശം നൽകി. ആലുവയിൽ രക്ഷാ പ്രവർത്തനത്തിന് സൈന്യം എത്തി. ആർമി എൻജിനീയറിംഗ് വിഭാഗത്തിന്റെ 32 അംഗ സംഘമാണ് എറണാകുളത്ത് ആദ്യമെത്തിയത്. നാല് കമ്പനി ദുരന്തനിവാരണ സേനയെ കൂടി എറണാകുളത്ത് വിന്യസിക്കും. ഇടുക്കിയിലും എറണാകുളത്തും വെള്ളം കയറിയ പ്രദേശങ്ങളിലെ എല്ലാ എടിഎമ്മുകളും അടച്ചിടും. കെട്ടിടങ്ങളുടെ താഴെ നിലയിൽ പ്രവർത്തിക്കുന്ന ബാങ്ക് ശാഖകളും അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്. ലോഡ് ചെയ്തിരിക്കുന്ന പണം സമീപത്തെ കറൻസി ചെസ്റ്റുകളിലേക്ക് മാറ്റും.

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 7.30ന് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഹെലികോപ്റ്ററിലാകും സന്ദർശനം. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപിയും ഉണ്ടാകും. എറണാകുളം ജില്ലയിൽ കർഷകർക്കുണ്ടായ കൃഷി നാശം സംബന്ധിച്ച് വിശദമായ കണക്കെടുപ്പ് നടത്തും. കർക്കിടക വാവ് ബലി നടത്തുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ബലിതർപ്പണം കർശന നിയന്ത്രണത്തോടെയാകും നടത്തുക. ആലുവ മണപ്പുറം ചേലാമറ്റം എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പകർച്ച വ്യാധികൾ പടരാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചു.

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *