ഇടുക്കിയിൽ മൂന്ന് ഷട്ടറുകൾ തുറന്നു; അതീവ ജാഗ്രതാ നിർദേശം

  • 20
    Shares

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ രണ്ട് ഷട്ടറുകൾ കൂടി തുറന്നുവിട്ടു. രാവിലെ ഏഴ് മണിയോടെയാണ് രണ്ട് ഷട്ടറുകൾ കൂടി തുറന്നത്. മൂന്ന് ഷട്ടറുകൾ വഴി സെക്കന്റിൽ 1,20000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് പ്രവഹിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ ഡാമിലെ ജലനിരപ്പ് 2401 അടിയായതോടെയാണ് ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറക്കാൻ തീരുമാനിച്ചത്. നിലവിൽ 40 സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. ഇന്നലെ ട്രയൽ റണ്ണിനായി 50 സെന്റിമീറ്റർ ഉയർത്തിയ ഷട്ടർ ഇന്ന് 40 സെന്റിമീറ്ററായി താഴ്ത്തുകയും ചെയ്തു

വ്യാഴാഴ്ച ഉച്ചയ്ക്കാണ് ട്രയൽ റണ്ണിന്റെ ഭാഗമായി ചെറുതോണി അണക്കെട്ടിന്റെ മധ്യഭാഗത്തുള്ള ഷട്ടർ തുറന്നത്. നാല് മണിക്കൂർ നേരത്തേക്കാണ് ട്രയൽ റൺ നിശ്ചയിച്ചിരുന്നതെങ്കിലും ഡാമിൽ ജലനിരപ്പ് ഉയരുന്നത് പരിഗണിച്ച് ഷട്ടർ താഴ്‌ത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. 26 വർഷങ്ങൾക്ക് ശേഷമാണ് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നിരിക്കുന്നത്. ഇതിന് മുമ്പായി 1992ലും 19981ലുമാണ് ഷട്ടറുകൾ ഉയർത്തിയത്.

വ്യാഴാഴ്ച അർധരാത്രി 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. രാവിലെ ആറ് മണിക്ക് 2400.94 അടിയായി ജലനിരപ്പുയർന്നു. ഏഴരയോടെ 2401 അടിയിലെത്തുകയും മൂന്ന് ഷട്ടറുകൾ തുറക്കാൻ അധികൃതർ തീരുമാനിക്കുകയുമായിരുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ നീരൊഴുക്ക് വർധിച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം

മൂന്ന് ഷട്ടറുകളും ഉയർത്തിയതോടെ ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാൻ നിർദേശം നൽകി. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർക്കാണ് നിർദേശം. ചെറുതോണി വഴിയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്

ADVT ASHNAD


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *