ഡാം തുറക്കുമ്പോൾ മീൻ പിടിക്കാമെന്ന മോഹം വേണ്ട; അറസ്റ്റ് ഉടനുണ്ടാകും
ഇടുക്കി അണക്കെട്ടിലെ വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടുമ്പോൾ മീൻ പിടിക്കാൻ കാത്തുനിൽക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. മീൻ പിടിക്കാൻ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുമെന്നാണ് മുന്നറിയിപ്പ്. അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതിന് ശേഷം പുഴയിൽ ഇറങ്ങാനോ പാറക്കൂട്ടങ്ങളിലോ മറ്റോ കൂട്ടം കൂടി നിൽക്കാനോ പാടില്ല
അതേസമയം അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ശക്തമായ മഴയാണ് പ്രദേശത്ത് തുടരുന്നത്. ഇന്നലെ രാത്രി ജലനിരപ്പ് 2395 അടിയായതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നിലവിൽ 2395.50 അടിയാണ് ജലനിരപ്പ്. 2397 അടിയിലെത്തുമ്പോൾ ട്രയൽ റൺ നടത്തും. 2399 അടിയിലെത്തുന്നതിന് മുമ്പായി തന്നെ റെഡ് അലർട്ട് പുറപ്പെടുവിക്കും.
മൊത്തം സംഭരണശേഷിയുടെ 92 ശതമാനത്തോളം ജലം ഇപ്പോൾ അണക്കെട്ടിലുണ്ട്. റെഡ് അലർട്ട് പുറപ്പെടുവിച്ച് കഴിഞ്ഞാൽ ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളിൽ രണ്ടെണ്ണമാകും ആദ്യം തുറക്കുക. പകൽ സമയത്താകും ഷട്ടറുകൾ തുറക്കുകയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്