കണ്ണൂരിൽ നിന്ന് പത്ത് പേർ കൂടി ദുരൂഹസാഹചര്യത്തിൽ നാടുവിട്ടു; ഐഎസിൽ ചേർന്നതായി സംശയം
കണ്ണൂർ ജില്ലയിൽ നിന്ന് പത്ത് പേർ ഇസ്സാമിക ഭീകരസംഘടനയായ ഐഎസിലേക്ക് ചേരാൻ നാടുവിട്ടതായി റിപ്പോർട്ട്. അഴീക്കോട് പൂതപ്പാറയിലെ രണ്ട് കുടുംബങ്ങളും സിറ്റി കുറുവയിലെ ഒരാളുമാണ് ദുരൂഹ സാഹചര്യത്തിൽ നാടുവിട്ടതെന്നാണ് റിപ്പോർട്ട്. മാതൃഭൂമിയാണ് വാർത്ത നൽകുന്നത്.
പൂതപ്പാറയിലെ കെ സജ്ജാദ്, ഭാര്യ ഷാഹിന, രണ്ട് കുട്ടികൾ, പൂതപ്പാറയിലെ അൻവർ, ഭാര്യ അഫ്സീല, മൂന്ന് മക്കൾ, കുറുവയിലെ ടി പി നിസാം എന്നിവരാണ് നാടുവിട്ടത്. അഫ്ഗാനിസ്ഥാനിലോ സിറിയയിലേക്കോ ആകാം ഇവർ കടന്നതെന്ന് സംശയിക്കുന്നു
മൈസൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് നവംബർ 20നാണ് ഇവർ നാടുവിട്ടത്. മടങ്ങി വരാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് യുഎഇയിലേക്ക് പോയതായും ഇവിടെ നിന്ന് അപ്രത്യക്ഷമായ വിവരവും ലഭിച്ചത്.
ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നേരത്തെ ഐഎസിൽ ചേർന്നിരുന്നു. സിറിയയിൽ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ അനിയത്തിയാണ് അഫ്സീല. ഷമീറിന്റെ അടുത്ത സുഹൃത്താണ് സജ്ജാദ്. ഭാര്യ ഷാഹിന കുടക് സ്വദേശിനിയാണ്.