ജസ്നയുടെ തിരോധാനം; ആറ് യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുന്നു
ജസ്നയുടെ തിരോധനം സംബന്ധിച്ച അന്വേഷണം പുതിയ തലത്തിലേക്ക്. ആറ് യുവാക്കളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ജസ്നയുടെ ഫോൺ കോളുകൾ പരിശോധിച്ചതിൽ നിന്നാണ് ആറ് യുവാക്കളിലേക്ക് അന്വേഷണം നീങ്ങുന്നത്
ജസ്നയുടെ തിരോധാനം നടന്ന ദിവസവും അതിന് മുമ്പുള്ള ദിവസങ്ങളിലുമായി ഈ യുവാക്കളുമായി നടത്തിയ ഫോൺ സംഭാഷണമാണ് അന്വേഷണ സംഘത്തിന് പിടിവള്ളിയായിരിക്കുന്നത്. ഇവരുടെ കൂട്ടുകെട്ടിനെ സംബന്ധിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
മുണ്ടക്കയം, കോരുത്തോട്, കരിനിലം ഭാഗങ്ങളിലുള്ളവരാണ് യുവാക്കൾ. പ്രമുഖ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ളവരാണിവർ. കാണാതാകുന്നതിന് തലേ ദിവസം ജസ്ന ആൺസുഹൃത്തിനെ ഏഴ് തവണ വിളിച്ചിരുന്നു. ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന് ജസ്നയോട് പലരും വിലക്കിയിരുന്നു. അതുകൊണ്ട് തന്നെ ഈ ഫോൺ വിളികൾ ഗൗരവത്തോടെയാണ് പോലീസ് എടുക്കുന്നത്.
ഇടുക്കിയിൽ കഴിഞ്ഞാഴ്ച കണ്ടെത്തിയ മൃതദേഹത്തെ കുറിച്ചും അന്വേഷണ സംഘത്തിന് സംശയമുണ്ട്. വെള്ളത്തൂവലിൽ പാതി കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്. ഡിഎൻഎ പരിശോധനക്കായി രക്തസാമ്പിളുകൾ പോലീസ് പരിശോധിച്ചിട്ടുണ്ട്.