ജീപ്പിൽ നിന്നും കുഞ്ഞ് തെറിച്ചുവീണ സംഭവം; മാതാപിതാക്കൾക്കെതിരെ കേസ്
രാത്രി യാത്രക്കിടെ ജീപ്പിൽ നിന്നും ഒന്നര വയസ്സുള്ള കുട്ടി തെറിച്ചുവീണ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിനെ തുടർന്ന് ജുവൈനൽ ആക്ട് പ്രകാരമാണ് കേസ്. മാതാപിതാക്കൾ കുട്ടിയെ മനപ്പൂർവം ഉപേക്ഷിച്ചതാണെന്നതടക്കമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് കമ്പിളിക്കണ്ടം സ്വദേശികളായ സതീഷ്-സത്യഭാമ ദമ്പതികൾ പഴനി ദർശനത്തിന് ശേഷം മടങ്ങിവരുന്നതിനിടെ കുട്ടി കയ്യിൽ നിന്നും തെറിച്ചുപോയത്. രാജമല അഞ്ചാം മൈലിൽ വെച്ച് വളവു തിരിയുന്നതിനിടെയായിരുന്നു സംഭവം. കുട്ടി വീണത് മാതാപിതാക്കളോ വണ്ടിയിലുണ്ടായിരുന്ന മറ്റുള്ളവരെ അറിഞ്ഞിരുന്നില്ല.
തെറിച്ചുവീണ കുഞ്ഞ് റോഡിലൂടെ ഇഴഞ്ഞുനീങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാർ സിസിടിവിയിൽ റോഡിലൂടെ എന്തോ ഇഴഞ്ഞുപോകുന്നത് കാണുകയും സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. കുട്ടി നഷ്ടപ്പെട്ട വിവരം മാതാപിതാക്കൾ മനസ്സിലാക്കിയത് 3 മണിക്കൂർ കഴിഞ്ഞായിരുന്നു.