ഉത്സവപ്രതീതിയിൽ കണ്ണൂർ: വിമാനത്താവളത്തിന്റെ ഉദ്ഘാടനം നാളെ; പ്രതിഷേധവുമായി യുഡിഎഫ്-ബിജെപി
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക. ഉദ്ഘാടന മാമാങ്കത്തിനുള്ള എല്ലാ ഒരുക്കങ്ങളും കണ്ണൂരിൽ പൂർത്തിയായിട്ടുണ്ട്. ഉത്സവപ്രതീതിയിലാണ് മൂർഖൻപറമ്പും സമീപ പ്രദേശങ്ങളും
വിമാനത്താവളം തുടങ്ങി മട്ടന്നൂർ നഗരം വരെ ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ആയിരക്കണക്കിനാളുകൾ നാളെ ഉദ്ഘാടനചടങ്ങ് കാണാനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആളുകളെ എത്തിക്കാൻ പ്രത്യേക ബസ് സർവീസ് കിയാൽ ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിനായി ഭൂമി വിട്ടുനൽകിയവർക്കും പ്രയത്നിച്ചവർക്കും ചടങ്ങിൽ പ്രത്യേക ക്ഷണമുണ്ട്. മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഭാര്യ കെ പി ശാരദക്കും പ്രത്യേക ക്ഷണമുണ്ട്.
അതേസമയം യുഡിഎഫും ബിജെപിയും ഒരുപോലെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച് പ്രതിഷേധിക്കുകയാണ്. ശബരിമല വിഷയം ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ പ്രതിഷേധം. പതിവ് പോലെ നാമജപവുമായി കുറച്ചാളുകൾ കണ്ണൂർ വിമാനത്താവളത്തിന് മുന്നിലും എത്തിയേക്കുമെന്നാണ് കരുതുന്നത്. മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടിയെയും വി എസിനെയും ക്ഷണിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് യുഡിഎഫ് ബഹിഷ്കരിക്കുന്നത്.