നഷ്ടപ്പെട്ടത് കരുത്തനായ നേതാവിനെ; അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

  • 11
    Shares

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക ഇടപെടൽ ശേഷിയുണ്ടായിരുന്ന കരുത്തനായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു

മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പ്

ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമായ ഇടപെടൽ ശേഷിയുണ്ടായിരുന്ന കരുത്തനായ നേതാവിനെയാണ് കരുണാനിധിയുടെ വിയോഗത്തിലൂടെ നഷ്ടമായത്.

ദ്രാവിഡ രാഷ്ട്രീയത്തിന് ഊർജ്ജവും കരുത്തും പ്രദാനം ചെയ്തുകൊണ്ട് അദ്ദേഹം നൽകിയ നേതൃത്വം പലഘട്ടങ്ങളിലും സമൂഹത്തിൻറെ പൊതുവായ മുന്നേറ്റത്തിന് ഊർജ്ജമായി. നിസ്വജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നേടുന്നതിന് അദ്ദേഹത്തിൻറെ ഉജ്ജ്വലമായ പ്രഭാഷണശൈലി മുതൽ പ്രായോഗിക ഭരണ നടപടികൾ വരെ വലിയ തോതിൽ സഹായകമായി. അതുകൊണ്ട് തന്നെ കരുണാനിധി തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം ഒരു വലിയ വികാരമായി മാറി. കേരളവും തമിഴ്‌നാടും തമ്മിലുളള ഉഭയസംസ്ഥാന ബന്ധങ്ങൾ സാഹോദര്യപൂർണമായി നിലനിർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം എന്നും പ്രത്യേക നിഷ്‌കർഷ പുലർത്തിയിരുന്നു. തർക്കങ്ങളുടെ മേഖലകൾ ചുരുക്കിക്കൊണ്ടുവരുന്നതിലും സൗഹൃദത്തിൻറെ മേഖലകൾ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് നന്ദിപൂർവ്വം സ്മരിക്കേണ്ടതുണ്ട്.

ഇന്ത്യൻ രാഷ്ട്രീയം വളരെ നിർണായകമായ ഒരു വഴിത്തിരിവിൽ എത്തിനിൽക്കുന്ന ഘട്ടത്തിലാണ് കരുണാനിധിയുടെ വിയോഗം എന്നത് കൂടുതൽ ദുഃഖിപ്പിക്കുന്നു. മതനിരപേക്ഷ ജനാധിപത്യ ശക്തികളെ ഒരുമിപ്പിക്കേണ്ട ചരിത്രപരമായ പ്രാധാന്യമുളള ഘട്ടത്തിൽ ഉണ്ടായ ഈ നഷ്ടം എളുപ്പം നികത്താവുന്നതല്ല. കേരളത്തെ സംബന്ധിച്ചിടത്തോളം എന്നും സഹോദര സ്ഥാനത്തുളള ശ്രദ്ധേയനായ നേതാവായിരുന്നു അദ്ദേഹം.

ഭാഷയും സംസ്‌കാരവും അടിച്ചേൽപ്പിക്കുന്ന വർഗ്ഗീയ സ്വഭാവമുളള നീക്കങ്ങൾക്കെതിരെ ഒരു ജനതയെയാകെ ഒറ്റ നൂലിൽ കോർത്തിണക്കയതുപോലുളള തലത്തിലേക്ക് നീക്കുന്നതിന് അദ്ദേഹത്തിൻറെ സംഭാവനകൾ സഹായിച്ചു. ദ്രാവിഡ രാഷ്ട്രീയത്തിൻറെ സഹജസ്വഭാവമായ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ ജനങ്ങളെ അണിനിരത്തുന്നതിലൂടെ പുതിയ ഒരു മാനവികതാബോധത്തിലേക്ക് ജനങ്ങളെ ഉണർത്തുന്നതിനും അദ്ദേഹത്തിന് സാധിച്ചു. അത്യുജ്വലങ്ങളായ തിരക്കഥകളും സംഭാഷണങ്ങളും കൊണ്ട് ചലച്ചിത്രവഴിയിലൂടെ തമിഴ് മനസ്സുകളെ കീഴടക്കിയ കരുണാനിധി ആ നാടിൻറെ രാഷ്ട്രീയ മനസ്സ് കൂടി കീഴടക്കിയെന്നത് രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പഠിക്കാൻ പ്രയോജനപ്പെടുന്ന വിഷയമാണ്.

കരുണാനിധിയുമായി എന്നും വളരെ ഊഷ്മളമായ ഒരു ബന്ധമാണ് നിലനിന്നിരുന്നത്. ആ പശ്ചാത്തലത്തിൽ നോക്കുമ്പോൾ വ്യക്തിപരമായി കൂടി ഇത് വലിയ നഷ്ടമാണ്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞപ്പോൾ അദ്ദേഹത്തെ സന്ദർശിക്കാൻ കഴിഞ്ഞു എന്നുളളത് തീർച്ചയായും വ്യക്തിപരമായ ഒരു ആശ്വാസവുമാണ്. ഭാഷാപരമായും സംസ്‌കാരപരമായും ഉള്ള ഇന്ത്യയുടെ വൈവിധ്യത്തിന് എന്നും കാവൽക്കാരനായി നിന്ന കരുണാനിധി ജാതിമതാദി വേർതിരിവുകൾക്കെതിരായ ഐക്യത്തിൻറെ വക്താവായികൂടിയാണ് എന്നും നിലകൊണ്ടത്.

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *