ആർ എസ് എസിന്റെ വർഗീയ സമരങ്ങൾക്ക് എൻ എസ് എസ് തീ പകരുന്നുവെന്ന് കോടിയേരി
വനിതാ മതിൽ തകർക്കാൻ മുന്നിൽ നിൽക്കുന്നത് ബിജെപി-ആർഎസ്എസ് ശക്തികളാണ്. യുഡിഎഫും എൻ എസ് എസ് പോലുള്ള ചില സാമൂഹ്യസംഘടനകളും അവർക്ക് ഒത്താശ നൽകുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിയിൽ സമദൂര പക്ഷം ചേരലോ എന്ന പേരിലെഴുതിയ ലേഖനത്തിലാണ് കോടിയേരി എൻ എസ് എസിനെ രൂക്ഷമായി വിമർശിക്കുന്നത്.
വനിതാ മതിൽ പൊളിക്കുമെന്ന് ഇവർ എത്ര ഉച്ചത്തിൽ വിളിച്ചു പറയുന്നുവോ അത്രമാത്രം ആവേശത്തോടെ വനിതകൾ നവോത്ഥാന മതിലിൽ ഭാഗവാക്കാകും. അമിത് ഷാ ഏൽപ്പിച്ച മൂന്ന് ദൗത്യങ്ങളിലൊന്ന് പൂർത്തിയാക്കിയെന്ന് പി എസ് ശ്രീധരൻ പിള്ള കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നവോത്ഥാന പാരമ്പര്യമുള്ള എൻഎസ്എസിനെ ഹിന്ദുത്വത്തിന്റെ അറവുശാലയിൽ എത്തിച്ചതാണോ തൃപ്തിക്ക് കാരണമെന്നും കോടിയേരി ചോദിക്കുന്നു
അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ സമരം നയിച്ച എൻ എസ് എസിനെ ആർഎസ്എസിന്റെ തൊഴുത്തിൽ കെട്ടാൻ നോക്കുന്നു. മന്നം പത്മനാഭന്റെ നവോത്ഥാന വഴികൾ ഇവർ മറക്കുന്നുവെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു. ആർഎസ്എസ്, ബിജെപിയുടെ വർഗീയ സമരങ്ങൾക്ക് തീ പകരാനുള്ള നടപടിയാണ് എൻ എസ് എസ് ജനറൽ സെക്രട്ടറിയിൽ നിന്നുള്ളത്. ആർഎസ്എസ് നടത്തുന്ന അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനുള്ള സുകുമാരൻ നായരുടെ ആഹ്വാനം എൻഎസ്എസിന്റെ പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും കോടിയേരി വിമർശിച്ചു