കുമ്പസാര പീഡനം: ഫാദർ ജോബ് മാത്യു കീഴടങ്ങി; മൂന്ന് പേർ ഇപ്പോഴും ഒളിവിൽ
കുമ്പസാര രഹസ്യം ബ്ലാക്ക് മെയിൽ ചെയ്ത് ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ ഒരു വൈദികൻ കീഴടങ്ങി. കേസിൽ രണ്ടാം പ്രതിയായ ഫാദർ ജോബ് മാത്യുവാണ് കീഴടങ്ങിയത്. കൊല്ലം ഡിവൈഎസ്പി ഓഫീസിലെത്തിയാണ് ജോബ് മാത്യു കീഴടങ്ങിയത്.
വൈദികനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇനി രണ്ട് വൈദികരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇന്നലെ വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഫാദർ സോണി വർഗീസ്, ഫാദർ ജോബ് മാത്യു, ഫാദർ ജെയ്സ് കെ ജോർജ് എന്നിവർ കീഴടങ്ങണമെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു
വൈദികനെ ഇന്ന് തിരുവല്ല കോടതിയിൽ ഹാജരാക്കും. ഇയാളെ കമ്മീഷണർ ഓഫീസിൽ വെച്ച് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പീഡനവീരൻമാരായ വൈദികർക്കെതിരെ പോലീസ് കേസെടുത്തത്
അഞ്ച് വൈദികർക്കെതിരെയാണ് വീട്ടമ്മയുടെ ഭർത്താവ് പീഡനക്കുറ്റം ആരോപിച്ചത്. എന്നാൽ ഫാദർ ജെയ്സ് കെ ജോർജ്, ഫാദർ എബ്രഹാം വർഗീസ്, ഫാദർ ജോൺസൺ വി മാത്യു, ഫാദർ ജോബ് മാത്യു എന്നിവർക്കെതിരെയാണ് യുവതി മൊഴി നൽകിയത്