കുട്ടനാടിൽ മഹാശുചീകരണ യജ്ഞം; 60,000 പേർ പങ്കെടുക്കുന്നു

  • 19
    Shares

ആലപ്പുഴ: മൂന്ന് ദിവസത്തെ ശുചീകരണ യജ്ഞത്തിന് കുട്ടനാട് തുടക്കമായി. 60,000 പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ശുചീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. മൂന്ന് ദിവസങ്ങൾ കൊണ്ട് കുട്ടനാട് ആവാസയോഗ്യമാക്കി നാട്ടുകാരെ വീടുകളിലേക്ക് മടക്കിയെത്തിക്കുകയാണ് ലക്ഷ്യം വെക്കുന്നത്.

രക്ഷാപ്രവർത്തനത്തിൽ മത്സ്യത്തൊഴിലാളികളുടെ കരുത്തും അർപ്പണബോധവുമാണ് കണ്ടതെങ്കിൽ പുനരധിവാസ ദൗത്യത്തിൽ കുട്ടനാടിലെ കർഷക തൊഴിലാളികളുടെ കരുത്ത് കേരളം കാണാൻ പോകുകയാണെന്ന് മന്ത്രി തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. ജില്ലയിലെ അരലക്ഷം പേർക്ക് പുറമെ പുറത്തുനിന്നുള്ളവരും ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കും.

വെള്ളം വറ്റിക്കാനായി മഹാരാഷ്ട്ര സർക്കാർ കേരളത്തിലേക്ക് പമ്പുകൾ എത്തിക്കും. സാങ്കേതിക വിദഗ്ധരോടൊപ്പമാകും പമ്പുകൾ എത്തിക്കുക. അറ്റകുറ്റപ്പണികൾ നടത്താൻ ഇലക്ട്രീഷ്യൻ, പ്ലംബർ, ആശാരിപ്പണിക്കാർ ഉൾപെടുന്ന സംഘം ഓരോ വാർഡിലുമുണ്ടാകും. പ്രളയത്തിനിടെ വീടുകളിൽ കയറിപ്പറ്റിയ പാമ്പുകളെ പിടികൂടാനും പ്രത്യേക സംഘമുണ്ടാകും. സന്നദ്ധപ്രവർത്തകർ അടക്കമുള്ള സംഘത്തെ വിവരശേഖരണത്തിനായി നിയോഗിക്കും.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *