കറവ പശുവിനെ വാങ്ങിവന്ന മലയാളി യുവാവിനെ കർണാടക വനംവകുപ്പ് വെടിവെച്ച് വീഴ്ത്തി
കറവപ്പശുവിനെയും കിടാവിനെയും വാങ്ങി വരികയായിരുന്ന മലയാളി യുവാവിനെ കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചു വീഴ്ത്തി. വാഹനം ഉൾപ്പെടെ പശുവിനെയും കിടാവിനെയും വനംവകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുപോയി. പാണത്തൂരിലാണ് സംഭവം
പാണത്തൂർ ചെമ്പേരി സ്വദേശി നിഷാന്തിനാണ് വെടിയേറ്റത്. ഇയാളുടെ കാലിൽ നാല് വെടിയുണ്ടകൾ തുളച്ചുകയറി. നിഷാന്തിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ജീപ്പിൽ പശുവിനെയും പശുക്കുട്ടിയെയും വാങ്ങി വരികയായിരുന്ന നിഷാന്തിനെ പിൻതുടർന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ജീപ് കുറുകെ ഇട്ട് തടഞ്ഞു. ഇവർ ആകാശത്തേക്ക് വെടിയുതിർത്തതോടെ നിഷാന്തും ഒപ്പമുണ്ടായിരുന്നവരും പേടിച്ച് ഓടി. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ യുവാവിനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു