മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ നിന്ന് കെ സുരേന്ദ്രൻ പിൻമാറി; വീണ്ടും തെരഞ്ഞെടുപ്പ് നടക്കും
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ നിന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പിൻമാറി. തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്ന് കാണിച്ചാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് സുരേന്ദ്രൻ ഹൈക്കോടതിയെ അപേക്ഷ വഴി അറിയിക്കുകയായിരുന്നു. കേസ് പിൻവലിച്ചതോടെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പും നടക്കും
ലീഗും സിപിഎമ്മും ചേർന്ന് കേസ് അട്ടിമറിച്ചതായി സുരേന്ദ്രൻ ആരോപിച്ചു. രാഷ്ട്രീയമായി തന്നെ ഇതിനെ നേരിടുമെന്ന് സുരേന്ദ്രൻ പറഞ്ഞു. സാക്ഷികൾ ഹാജരാകുന്നത് തടയാൻ ലീഗും സിപിഎമ്മും ഒത്തുകളിച്ചതായും ബിജെപി നേതാവ് ആരോപിച്ചു.
2016ൽ നടന്ന തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥിയായ പി ബി അബ്ദുൾറസാഖിനോട് 86 വോട്ടിനാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെ അബ്ദുൽറസാഖ് മരിച്ചെങ്കിലും സുരേന്ദ്രൻ കേസ് പിൻവലിച്ചിരുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സുരേന്ദ്രൻ കേസ് പിൻവലിച്ചിരിക്കുന്നത്.