മരടിലെ ഫ്ളാറ്റുടമകൾക്ക് നൽകിയ നോട്ടീസ് കാലാവധി ഇന്ന് അവസാനിക്കും; പുനരധിവസിപ്പിക്കേണ്ടത് 1472 പേരെ
മരടിലെ ഫ്ളാറ്റുകൾ ഒഴിയാൻ താമസക്കാർക്ക് നഗരസഭ നൽകിയ നോട്ടീസ് കാലാവധി ഞായറാഴ്ച അവസാനിക്കും. 343 ഫ്ളാറ്റുകളിലായി 1472 പേരെ പുനരധിവസിപ്പിക്കേണ്ടി വരുമെന്ന് മരട് നഗരസഭ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഈ മാസം 20നകം നാല് ബിൽഡിംഗുകളും പൊളിച്ചുമാറ്റി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതി ഉത്തരവ്. ഒഴിഞ്ഞുപോയില്ലെങ്കിൽ സെക്രട്ടറിയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ച് മുന്നറിയിപ്പില്ലാതെ മറ്റ് നിയമനടപടികൾ സ്വീകരിക്കുമെന്നാണ് നഗരസഭയുടെ നോട്ടീസിലുള്ളത്.
നഗരസഭയുടെ നോട്ടീസിന് കായലോരം ഫ്ളാറ്റ് ഉടമകൾ മാത്രമാണ് മറുപടി നൽകിയിരിക്കുന്നത്. ഒരു തരത്തിലും ഒഴിഞ്ഞുപോകില്ലെന്നാണ് ഇവർ അറിയിച്ചത്. ഫ്ളാറ്റ് ഉടമകൾക്ക് മുഖ്യ രാഷ്ട്രീയ പാർട്ടികൾ പിന്തുണയുമായി എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തുടർ നടപടി എന്തുവേണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്.