ശബരിമല വിധി: വാദത്തിന് അവസരം നൽകണമെന്ന് മാത്യുസ് നെടുമ്പാറ, ചീഫ് ജസ്റ്റിസ് മോശമായി പെരുമാറി; ആവശ്യം കോടതി വീണ്ടും തള്ളി
ശബരിമല പുന:പരിശോധന ഹർജികളിൽ തനിക്ക് വാദത്തിന് അവസരം നൽകണമെന്ന അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയുടെ ആവശ്യം സുപ്രീം കോടതി തള്ളി. അയ്യപ്പ ഭക്തരുടെ ദേശീയ കൂട്ടായ്മക്ക് വേണ്ടിയാണ് മാത്യൂസ് നെടുമ്പാറ സുപ്രീം കോടതിയിൽ വാദിക്കാനെത്തിയത്. റിവ്യു ഹർജികളിൽ കൂടുതൽ വാദം കേൾക്കുന്നില്ലെന്നും ബാക്കിയുള്ളവെ എഴുതി നൽകിയാൽ മതിയെന്നും ചീഫ് ജസ്റ്റിസ് ഇന്നലെ വാദത്തിനിടെ പറഞ്ഞിരുന്നു. ഈ ഉത്തരവ് റദ്ദാക്കി തന്റെ വാദം കേൾക്കണമെന്നായിരുന്നു മാത്യൂസ് നെടുമ്പാറയുടെ ആവശ്യം.
തനിക്ക് ഇന്നലെ വാദത്തിന് അവസരം നൽകിയില്ല. കൂടുതൽ വാദങ്ങൾ തനിക്ക് ഉന്നയിക്കാനുണ്ട്. ചീഫ് ജസ്റ്റിസ് തന്നോട് വളരെ മോശമായി പെരുമാറി. കേരളത്തിൽ ശബരിമലയും സഭാ തർക്കവും കാരണം വലിയ അസ്വസ്ഥതയാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ വാദങ്ങൾ എഴുതി നൽകാൻ ചീഫ് ജസ്റ്റിസ് വീണ്ടും പറഞ്ഞു. എഴുതി നൽകുന്ന വാദങ്ങളിൽ കഴമ്പുണ്ടെന്ന് തോന്നിയാൽ വീണ്ടും തുറന്ന കോടതിയിൽ വാദത്തിന് അവസരം നൽകാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി വ്യക്തമാക്കി.