മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ എംഐ ഷാനവാസ് അന്തരിച്ചു
എംപിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ എംഐ ഷാനവാസ് അന്തരിച്ചു. ചെന്നൈ ഡോ. റെയ്ല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സെന്ററിൽ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. കരൾ മാറ്റ ശസ്ത്രക്രിയക്ക് ശേഷമുണ്ടായ അണുബാധയാണ് ഷാനവാസിന്റെ നില ഗുരുതരമാക്കിയത്.
കഴിഞ്ഞ മാസം 31നാണ് എംഐ ഷാനവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവംബർ 2ന് കരൾമാറ്റ ശസ്ത്രക്രിയ നടത്തി. എന്നാൽ അണുബാധയെ തുടർന്ന് ഗുരുതരവാസ്ഥയിലാകുകയായിരുന്നു.
മൃതദേഹം ഇന്ന് ഉച്ചയോടെ എറണാകുളം നോർത്തിലുള്ള വസതിയിൽ എത്തിക്കും. വ്യാഴാഴ്ച രാവിലെ തോട്ടത്തുംപടി ഖബറിസ്ഥാനിലാണ് ഖബറടക്കം. 67 വയസ്സുള്ള ഷാനവാസ് 1951 സെപ്റ്റംബർ 22ന് കോട്ടയത്താണ് ജനിച്ചത്. കോൺഗ്രസിൽ കെ കരുണാകരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ഒരുകാലത്ത് ഷാനവാസ്. എന്നാൽ കെ മുരളീധരന്റെ രാഷ്ട്രീയ പ്രവേശനത്തോടെ കരുണാകരനുമായി ഇടയുകയും തിരുത്തൽഘടകമായി രംഗത്ത് വരികയും ചെയ്തു.