ക്വാറികളെ സർക്കാർ നിയന്ത്രിക്കുമെന്ന് മന്ത്രി എ കെ ബാലൻ
തിരുവനന്തപുരം: വികസന പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തിയാകും ഇനി നടപ്പാക്കുകയെന്ന് മന്ത്രി എ കെ ബാലൻ. തണ്ണീർത്തടങ്ങൾ സംരക്ഷിക്കപെടണം. ക്വാറികളെ സർക്കാർ നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൈന പോലുള്ള രാജ്യങ്ങളെ ഇതിൽ മാതൃകയാക്കും
ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ നല്ല വശങ്ങൾ ഉൾക്കൊള്ളും. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. എന്നാൽ ദുരന്തം സർക്കാരിന്റെ സൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. പരിഹാസത്തോടും പുച്ഛത്തോടും മാത്രമേ ഇത് കേരളത്തിലെ ജനങ്ങൾ കാണുകയുള്ളു.
നാശനഷ്ടങ്ങൾ നേരിടാൻ നമുക്ക് സാധിക്കും. സർക്കാർ സംവിധാനങ്ങളും ജീവനക്കാരും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. എല്ലാ ജില്ലകളിലും കർമ പദ്ധതികൾ തയ്യാറാക്കാൻ കഴിയും. നവകേരളം സൃഷ്ടിക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു