ബന്ധുനിയമന വിവാദം: ആരോപണങ്ങൾ തള്ളി കെ ടി ജലീൽ; ലീഗ് നേതാക്കൾ വായ്പ എടുത്ത് മുങ്ങി നടക്കുന്നു
ബന്ധു നിയമന ആരോപണം തള്ളി മന്ത്രി കെ ടി ജലീൽ. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. പത്രങ്ങളിൽ പരസ്യം നൽകിയാണ് ആളെ ക്ഷണിച്ചത്. പ്രധാനപ്പെട്ട എല്ലാ പത്രങ്ങളിലും പരസ്യം നൽകിയിരുന്നതായി മന്ത്രി പറഞ്ഞു
ഡെപ്യൂട്ടേഷൻ നിയമനത്തിൽ സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. മുമ്പും ഇത്തരത്തിൽ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ തനിക്ക് മറച്ചുവെക്കാനൊന്നുമില്ല. ന്യൂനപക്ഷ ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് വായ്പ എടുത്ത് മുങ്ങിയ ലീഗ് നേതാക്കളെ പിടിക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത്.
ലീഗ് പ്രവർത്തകർ വായ്പ എടുത്തിട്ട് തിരിച്ചടക്കുന്നില്ല. ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ലീഗിനെ പ്രകോപിപ്പിച്ചത്. കിട്ടാക്കടം തിരിച്ചുപിടിക്കാൻ തുടങ്ങിയപ്പോഴാണ് ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെ ടി ജലീലിനെ പിന്തുണച്ച് മന്ത്രി ഇ പി ജയരാജനും രംഗത്തുവന്നിട്ടുണ്ട്. ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇ പി പറഞ്ഞു.