ഭൂമിയിടപാടിന് കോഴ: ഒളിക്യാമറയിൽ കുടുങ്ങി എംകെ രാഘവൻ എംപി
കോഴിക്കോട്: എംപിയും കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ എം കെ രാഘവൻ സ്റ്റിംഗ് ഓപറേഷനിൽ കുടുങ്ങി. സിംഗപ്പൂർ കമ്പനിക്ക് കോഴിക്കോട് ഹോട്ടൽ തുടങ്ങാൻ സ്ഥലം സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളിൽ നിന്നും കോഴ ആവശ്യപ്പെടുന്നതാണ് ഒളിക്യാമറാ ദൃശ്യങ്ങൾ. ടിവി 9 ചാനലാണ് ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
ഭൂമിയിടപാടിനായി 5 കോടി രൂപ രാഘവന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. തുക തന്റെ ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏൽപ്പിക്കണമെന്നും തുക ലിക്വിഡ് കാഷായി തന്നെ നൽകണമെന്നും എംപി പറയുന്നുണ്ട്.
പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണമെന്നും ഞങ്ങൾ താങ്കളുടെ സഹായം വേണമെന്നും റിപ്പോർട്ടർ പറയുമ്പോൾ അത് ചെയ്യാമെന്നും നിങ്ങൾക്ക് എത്ര ഭൂമി വേണമെന്നുമാണ് ദൃശ്യങ്ങളിൽ എം പി ചോദിക്കുന്നത്. 15 ഏക്കർ ഭൂമിയെന്ന് റിപ്പോർട്ടർ മറുപടി പറയുമ്പോളാണ് തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പ് ചെലവുകൾക്ക് 20 കോടി ചെലവായെന്നും പ്രവർത്തകർക്ക് മദ്യമടക്കം നൽകാനുള്ള വൻ ചെലവുകൾ ഉണ്ടെന്നും പറയുന്നത്. മദ്യം കൊടുക്കേണ്ടി വരുമോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് ദിവസം നൽകണമെന്നാണ് എംപിയുടെ മറുപടി
ടിവി 9 റിപ്പോർട്ടർമാരായ ഉമേഷ് പാട്ടീൽ, കുൽദീപ് ശുക്ല, രാംകുമാർ, അഭിഷേക് കുമാർ, ബ്രിജേഷ് തിവാരി എന്നിവരാണ് കൺസൾട്ടൻസി കമ്പനിക ഉടമകളായി എം കെ രാഘവനെ സമീപിച്ചത്. ഇവരോടാണ് എംപി പണം ആവശ്യപ്പെടുന്നത്. മാർച്ച് 10ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ചാനൽ പുറത്തുവിട്ടത്.
കാർ പോലുള്ള മറ്റെന്തെങ്കിലും വേണമോയെന്നും റിപ്പോർട്ടർമാർ ചോദിക്കുന്നുണ്ട്. എന്നാൽ പണമായി മതിയെന്നാണ് എം കെ രാഘവൻ പറയുന്നു. ഓരോ സ്ഥലത്തും തെരഞ്ഞെടുപ്പ് പ്രചാരമത്തിന് ഉപയോഗിക്കാനാണെന്നും എംപി പറയുന്നുണ്ട്