ഉയർന്ന പിഴക്കെതിരെ പ്രതിഷേധം ശക്തം: നിയമഭേദഗതിക്ക് സർക്കാർ നീക്കം, ഓർഡിനൻസ് ഇറക്കിയേക്കും
മോട്ടോർ വാഹനവകുപ്പ് നിയമ ഭേദഗതിയിൽ തിരുത്തൽ നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. വൻപിഴ ഈടാക്കുന്ന പുതിയ നിയമത്തിൽ ഭേദഗതി വരുത്തി ഓർഡിനൻസ് ഇറക്കാനാണ് നീക്കം. നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചിട്ടുണ്ട്.
പിഴയായി വൻ തുക ഈടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. സിപിഎമ്മും കോൺഗ്രസും മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരെ രംഗത്തുവന്നിരുന്നു. കേന്ദ്ര മോട്ടോർ വാഹനനിയമപ്രകാരം ഉയർന്ന പിഴ ഈടാക്കുന്നത് സംസ്ഥാനത്ത് വിപരീത ഫലം സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു
തകർന്ന റോഡിൽ ജനങ്ങൾ മണിക്കൂറുകളോലം കാത്തുകെട്ടി കിടക്കുമ്പോഴാണ് കരുണയില്ലാതെ കേന്ദ്രനിയമം നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.