മുല്ലപ്പെരിയാർ ഡാം തുറന്നുവിട്ടു; പെരിയാർ തീരത്ത് അതീവ ജാഗ്രത
തൊടുപുഴ: അതിശക്തമായ മഴയിൽ നീരൊഴുക്ക് വർധിച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ജലനിരപ്പ് 140.15 അടി എത്തിയപ്പോൾ സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കുകയായിരുന്നു. പതിമൂന്ന് ഷട്ടറുകളും ഒരടിയോളമാണ് തുറന്നത്. പക്ഷേ ശക്തമായ നീരൊഴുക്കുള്ളതിനാൽ ഡാമിന്റെ ജലനിരപ്പ് നിലവിൽ 141 അടിയായി.
ഡാം തുറക്കുന്നതിന് മുമ്പായി തീരത്തുള്ള അയ്യായിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവരെ മാറ്റി പാർപ്പിക്കുന്നതിനായി ആലുവയിൽ അഞ്ച് ക്യാമ്പുകൾ കൂടി തുറന്നു.
സ്പിൽവേ ഷട്ടറുകൾ തുറന്നതോടെ മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം വണ്ടിപ്പെരിയാർ ചപ്പാത്ത് വഴി മിനിറ്റുകൾക്കകം ഇടുക്കി അണക്കെട്ടിലെത്തും. ഇടുക്കിയിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. സെക്കന്റിൽ പത്ത് ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.