ജപ്തി നടപടി ഭയന്ന് അമ്മയും മകളും തീ കൊളുത്തി; മകൾ മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ
നെയ്യാറ്റിൻകരയിൽ ജപ്തി നടപടി ഭയന്ന് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഡിഗ്രി വിദ്യാർഥിനിയായ മകൾ മരിച്ചു. അമ്മയെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡിഗ്രി വിദ്യാർഥിനി വൈഷ്ണവിയാണ് മരിച്ചത്. അമ്മ ലേഖയാണ് 90 ശതമാനം പൊള്ളലോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മാരായമുട്ടം മലയിക്കടയിലാണ് സംഭവം
കാനറ ബാങ്കിൽ നിന്നും ഇവരുടെ കുടുംബം അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. നിലവിൽ പലിശ സഹിതം ആറ് ലക്ഷത്തി എൺപതിനായിരം രൂപയായി. ഭർത്താവിന് വിദേശത്തുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതോടെ കുടുംബം പ്രാരാബ്ധത്തിന് നടുവിലാണ്. ഭൂമി വിറ്റ് പണം തിരിച്ചടക്കാൻ ശ്രമിച്ചെങ്കിലും ഇത് പരാജപ്പെട്ടു. ഇതോടെയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. അതേസമയം ജപ്തി നടപടികൾക്ക് സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.