കാത്തിരുന്ന ആശ്വാസ വാർത്ത: ഐസോലേഷൻ വാർഡിലുള്ള ഏഴാമത്തെ ആൾക്കും നിപയില്ല
എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള ഏഴാമത്തെ ആൾക്കും നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സയിൽ കഴിയുന്ന നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു.
ഐസോലേഷൻ വാർഡിൽ കഴിയുന്ന മറ്റ് ആറ് പേർക്കും നിപയില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. നിലവിലെ പനി ഭേദമാകുന്ന മുറയ്ക്ക് ഇവർക്ക് ആശുപത്രി വിടാനാകുമെന്ന് മന്ത്രി അറിയിച്ചു. തികച്ചും ആശ്വാസകരമായ വാർത്തയാണ് എത്തിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഇന്നുച്ചയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനുമായി കെ കെ ശൈലജ കൂടിക്കാഴ്ച നടത്തും. ദൈനംദിന വിവരങ്ങൾ കേന്ദ്രമന്ത്രി അന്വേഷിക്കുന്നതായും മന്ത്രി അറിയിച്ചു. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനിയുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.