ഓണക്കാണം

  • 8
    Shares

-മനോജ് പറയറ്റ

ഒരൂഞ്ഞാല് മനസ്സിൽ കെട്ടാറുണ്ട്, എല്ലാ ഓണത്തിനും! ചാലുവളളി കെട്ടിയ അതിലിരുന്നാടി കുനിച്ച് മുന്നേറി മാവിൻ തുമ്പോളം ഉയരമെത്തി പഴയ ഒരു തറവാട്ടിലേക്ക് പോവാറുമുണ്ട്. അവിടെ എല്ലാരുമുണ്ടല്ലോ! ഉമ്മറത്ത് തിണ്ണയിലിരിക്കുന്ന മുതിർന്നവരുടെ വെടിവെട്ടത്തിനിടയിലേക്ക് വടക്വോറത്ത് അടുക്കളപ്പുരയിൽ നിന്ന് ചെമ്പുപാത്രങ്ങളിൽ ചട്ടുകം വീഴുന്നതിന്റെ താളഭേദങ്ങൾ കയറിവരുമ്പോൾ, അകായിലെ ഇരുട്ടിൽ ഒളിച്ചുകളിക്കാനും അറയിൽ കെട്ടിതൂക്കിയ പഴക്കുലകൾ ഇരിഞ്ഞ് മത്സരിക്കാനും ആരും കാണാതെ പപ്പടമെടുത്ത് ഓടാനും എത്ര പേരുണ്ട്? എല്ലാവരും ഇന്ന് മുതിർന്നുമുറ്റി കാഴ്ച മങ്ങാനും, നരകയറാനും മാത്രം ഒന്നക്ക്വോണം പോന്നിരിക്കുന്നു.

പഴയ കുഞ്ഞുടുപ്പുകളിലേക്ക് തിരിച്ചുകയറ്റാൻ രൂപങ്ങൾ ചിതലരിച്ച് നിഴലുകളായ തലച്ചോറുമായാണല്ലോ ഞാനുമിരിക്കുന്നത്! തൃക്കാക്കരപ്പനെ പക്ഷേ, ഇന്നുമോർക്കാം, ഒട്ടും രൂപഭേദമില്ലാതെ. ഇളംമഴയത്ത് ഒരു തൊപ്പിക്കുടയൊക്കെ വച്ച് കുനിഞ്ഞിരുന്ന് ചാണകം മെഴുകിയ നിലത്ത് അരിമാവുകൊണ്ട് അണിയുന്ന വല്യച്ഛനെയും. വല്യച്ഛനെന്നു വിളിക്കുന്നത് അമ്മച്ഛനെയാണ്, തറവാട്ടു കാരണവർ. അണിയലൊക്കെ ഒരു കാഴ്ച തന്നെ! പിന്നെ, നിഴലിന്റെനീളം കുറഞ്ഞു തുടങ്ങുന്നതോടെ മേല്വോറത്ത് കുറച്ചുപേർ വരും, കാട്ടിൽനിന്ന്, കുഞ്ഞുകുട്ടികളുമൊക്കെയായി. കഴുത്തു നിറയെ കടുംനിറങ്ങളിൽ മുത്തുമാലകളണിഞ്ഞ് പൊകലയും മുറുക്കി മേലുടുപ്പില്ലാതെ അവർ കുന്തിച്ചിരിക്കും. മനസ്സിലാവില്ലെങ്കിലും, കേൾക്കാൻ കൗതുകമുളള അവരുടെ ശബ്ദങ്ങൾക്ക് കാതോർത്ത് കാഴ്ചബംഗ്ലാവിലെന്ന പോലെ ഞങ്ങളും! ഊണ് കാലായാൽ ആദ്യം വിളമ്പുന്നതും അവർക്കാണ്. നിലത്ത് വിരിച്ചിട്ട മുഷിഞ്ഞ തോർത്തിനു മുകളിൽ വലുപ്പംകൂടിയ തൂശനിലയിട്ട് നിറയെ ചോറുവിളമ്പും, കറികളും. കഴിക്കാൻ പക്ഷേ, നിൽക്കാറില്ല. തോർത്തിന്റെ നാലു മൂലയും കൂട്ടി മടക്കി ഊണുഭാണ്ഡമാക്കി തോളിലെടുത്ത് ധൃതിയിൽ തിരികെ പോവുകയായി. പിന്നീടെപ്പൊഴോ അവരൊന്നും വരാതെയായ കാലത്ത്, ഓണത്തിനും എന്തോ മാറ്റുകുറഞ്ഞ പോലെ! വൈക്കോൽക്കൂനയിലെ കയറിമറിയലും, മൂരികളെയും തെളിച്ച് മേക്കാരന്റെ കൂടെയുളള പുഴയിലെ കുളിയുമൊക്കെ ആലയൊഴിഞ്ഞ ഓർമ്മകളായിത്തീർന്നിരുന്നു, അപ്പോൾ.

പോകപ്പോകെ ഓണത്തിന്റെ ഉണർവ്വ് ഒരു പായസമധുരത്തിലേക്ക്, ഉടുപ്പിന്റെ കോടിമണത്തിലേക്ക് ചൂളിയൊതുങ്ങി. കൊയ്ത്തുപാട്ടും ഊഞ്ഞാലുമുറങ്ങി, മച്ചിലെ മരപ്പത്തായത്തിൽ നിന്ന് കുഞ്ഞനെലികൾ വയനാട്ടിലേക്ക് മടങ്ങിപ്പോയി! സ്‌കൂളുകളുടെ പൂക്കള മത്സരത്തിനും, ക്ലബുകളുടെ ചാക്കിലോട്ടത്തിനും വടംവലിക്കുമൊക്കെ കാവൽനിൽക്കുന്ന ഒരു വേഷംകെട്ടു മാവേലിയിലേക്ക് ഓണവും!

പക്ഷേ, ഒന്നുണ്ടായി; അന്നത്തെ തറവാട്ടുകേമന്മാരൊക്കെ കുമ്പിളുമായിറങ്ങിയ കോരന്മാരൊന്നിച്ച് തൊഴിലിനിറങ്ങി അന്നം തേടുന്ന ഒരു കാലം പിറന്നു. സമത്വസുന്ദരം. മാനുഷരെല്ലാരുമൊന്നുപോലെ! ഓണാശംസകൾ…

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *