ഓൺലൈൻ വഴി ചാരായ വാറ്റുപകരണങ്ങളും; കണ്ണു തള്ളി എക്സൈസ്
പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റുകളിൽ ചാരായ വാറ്റുപകരണങ്ങളുടെ വിൽപ്പന നടക്കുന്നുണ്ടെന്ന് അറിഞ്ഞ ഞെട്ടലിൽ എക്സൈസ്. വിവരം സ്ഥിരീകരിക്കുന്നതിനായി എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് തന്നെ സാധനങ്ങൾ ഓർഡർ ചെയ്ത് ഉറപ്പ് വരുത്തുകയും ചെയ്തു.
സൈറ്റുകളുടെ നടത്തിപ്പുകാർക്കെതിരെ നടപടിക്ക് എക്സൈസ് തുടക്കമിട്ടിട്ടുണ്ട്. ഇതിന് പിന്നാലെ സൈറ്റിൽ നിന്ന് ഉത്പന്നങ്ങൾ പിൻവലിച്ചു. ലഹരിമരുന്ന് വിതരണവും ഓൺലൈൻ വഴി നടക്കാറുണ്ടെന്ന റിപ്പോർട്ടുകളും എക്സൈസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.
രാജ്യാന്തര ഓൺലൈൻ സൈറ്റായ ഡാർക് നെറ്റ്. കോമിലാണ് ലഹരിമരുന്ന് വിൽപ്പന നടക്കുന്നതായി സംശയിക്കുന്നത്. സൈറ്റിനെ നിരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. കൂടാതെ പോലീസിനോട് നടപടിയും ആവശ്യപ്പെട്ടു.
കേരളത്തിൽ ഓൺലൈൻ വഴി വാറ്റുപകരണങ്ങൾ വാങ്ങിയവരുടെ പേരുവിവരം എക്സൈസും പോലീസും ശേഖരിച്ചിട്ടുണ്ട്. മുൻനിര ഓൺലൈൻ സൈറ്റുകളിലൊക്കെ ഇതിന്റെ വിൽപ്പന നടക്കുന്നുണ്ട്. ഡാർക് നെറ്റ്. കോമിനെ ബന്ധപ്പെട്ടപ്പോൾ ഇന്ത്യയിൽ തങ്ങൾക്ക് വിൽപ്പനയില്ലെന്ന മറുപടിയാണ് ലഭിച്ചത്