പന്തളം കുടുംബം അരവണയോ അപ്പമോ നിർമിക്കുന്നില്ല; സംഘപരിവാർ പ്രചാരണം തള്ളി പന്തളം കുടുംബം
ശബരിമല ഭക്തർക്കായി പന്തളം കുടുംബം അരവണയും അപ്പവും നിർമിച്ചു നൽകുന്നു എന്നതരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സംഘപരിവാർ സന്ദേശങ്ങൾ വസ്തുതാ വിരുദ്ധമെന്ന് പന്തളം കുടുംബം നിർവാഹക സമിതി സംഘം. അപ്പം, അരവണ എന്നിവ നിർമിക്കുകയോ വിൽക്കുകയോ ചെയ്യുന്നില്ലെന്നും ഇത്തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിർവാഹക സംഘം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു
അപ്പവും അരവണയും വിറ്റ് കിട്ടുന്ന പണം കൊണ്ട് യുവതി പ്രവേശന കേസ് നടത്തുമെന്നു പറഞ്ഞാണ് സമൂഹ മാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിച്ചിരുന്നത്. പന്തളം കുടുംബം ഇതിൽ പങ്കില്ലെന്ന് വ്യക്തമാക്കിയതോടെ പണമുണ്ടാക്കാനുള്ള ചിലരുടെ ക്രിമിനൽ നടപടികളാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടാക്കുന്നു. സംഘപരിവാറുകാരാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ താത്പര്യം കാണിക്കുന്നതും.
മികച്ച നിലവാരത്തിലും ഗുണമേന്മയിലും സീൽഡ് ടിന്നിൽ ഇവ ലഭ്യമാണെന്നും അരവണയ്ക്ക് 60 രൂപയാണ് വിലയെന്നും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു.ദേവസ്വം ബോർഡുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. പന്തളം കൊട്ടാരം എന്ന പേരിലുള്ള അരവണ ടിന്നിന്റെ ചിത്രമടക്കം നൽകിയായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയത്.