പെരിയ ഇരട്ട കൊലപാതകം: ഉദുമ എംഎല്‍എക്കും പങ്കുണ്ടെന്ന് ചെന്നിത്തല; കേസ് പീതാംബരനില്‍ മാത്രം ഒതുക്കാന്‍ ശ്രമം നടക്കുന്നു
പെരിയ ഇരട്ടക്കൊലപാതകത്തില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനും മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ കുഞ്ഞിരാമന് എംഎല്‍എ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പീതാംബരന്റെ കുടുംബാംഗങ്ങള്‍ക്ക് പണം നല്കി മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന് സ്വാധീനിച്ചെന്നും ചെന്നിത്തല ആരോപിച്ചു.
കൊലപാതകത്തിന് നേതൃത്വം നല്കിയ ആള് ആദ്യം അഭയം തേടിയത് പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസിലാണ്. കേസില്‍ കുഞ്ഞിരാമന്മാരുടെ പങ്ക് അന്വേഷിക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഉദുമ എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടന്നതെന്ന് മരിച്ച ശരത്തിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ പറയുന്നതെന്ന് ചെന്നിത്തല പറഞ്ഞു
കുഞ്ഞിരാമന് എംഎല്‍എയുടെ വീടിന് അടുത്ത് വെച്ചാണ് കൊലപാതകത്തിന് ഉപയോഗിച്ച വാഹനം കണ്ടെത്തിയത്. അന്വേഷിച്ച പോലീസുദ്യോഗസ്ഥരെ എംഎല്‍എ ഭീഷണിപ്പെടുത്തി. കേസന്വേഷിച്ച കാസര്‍കോട് എസ് പിയെ മാറ്റി. പീതാംബരന് പ്രതിയെന്ന് പറയുന്നതിന് മുമ്പേ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പീതാംബരനില്‍ മാത്രം കേസ് ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.