കേരളത്തിൽ ബിജെപിക്ക് വെള്ളവും വളവും നൽകുന്നത് എകെ ആന്റണി; കോൺഗ്രസ് കലാപകാരികൾക്ക് ഒത്താശ ചെയ്തു

  • 9
    Shares

കേരളത്തിൽ ബിജെപിക്ക് വെള്ളവും വളവും നൽകുന്നത് എ കെ ആന്റണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ എ കെ ആന്റണി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയെ സംഘർഷഭൂമിയാക്കിയത് മുഖ്യമന്ത്രിയും ഡിജിപിയുമാണെന്നായിരുന്നു ആന്റണിയുടെ വാക്കുകൾ. ഫേസ്ബുക്ക് വഴിയാണ്‌ മുഖ്യമന്ത്രിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിൽ ബിജെപിക്ക് വെള്ളവും വളവും നൽകുകയാണ് എ കെ ആന്റണി. ശബരിമലയിലെ സർക്കാരിൻറെ പ്രവർത്തനങ്ങളെ ഹൈക്കോടതി തന്നെയും അംഗീകരിച്ചതാണ്. എന്നിട്ടും സംഘർഷം വിളിച്ചുവരുത്തിയത് മുഖ്യമന്ത്രിയും ഡി.ജി.പിയുമാണെന്ന എ.കെ. ആൻറണിയുടെ പ്രസ്താവന ദുരുപദിഷ്ടമാണ്. കേരളത്തിൽ ബി.ജെ.പിക്ക് വളരാൻ സൗകര്യമൊരുക്കുന്നതിനൊപ്പം സർക്കാരിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുളള തന്ത്രവുമാണത്.

യഥാർത്ഥ ഭക്തരെ സംരക്ഷിച്ചും ദർശന സൗകര്യമൊരുക്കിയും സർക്കാർ നിർവഹിച്ച ദൗത്യം കോടതിയോടൊപ്പം പൊതുസമൂഹവും അംഗീകരിച്ചിട്ടുണ്ട്. ഭക്തരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുളള ചുമതല പോലീസിനാണെന്ന് ഓർമിപ്പിച്ച കോടതി, ശബരിമലയെ കലാപഭൂമിയാക്കാൻ ആര് ശ്രമിച്ചാലും അവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാൻ പോലീസിന് അധികാരമുണ്ടെന്നും വ്യക്തമാക്കിയതാണ്. നിരോധനാജ്ഞ ഭക്തർക്കെതിരല്ലെന്നും അക്രമകാരികളെ നേരിടാനാണെന്നും കോടതി വ്യക്തമായി പറഞ്ഞു. ശബരിമലയിൽ സമാധാനപരമായി ദർശനം നടത്താനുള്ള സൗകര്യമൊരുക്കാൻ പ്രതിഷേധക്കാർക്കും ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദർശനത്തിനെത്തുന്നവർക്ക് എല്ലാ സൗകര്യവും സർക്കാർ ശബരിമലയിൽ ഒരുക്കുന്നുണ്ട്. ഇത് കാരണം തീർത്ഥാടകരുടെ ഒഴുക്കു വർധിച്ചിരിക്കുകയാണ്. അവിടെ സംഘർഷമുണ്ടാക്കാൻ ശ്രമം നടത്തിയതും നേതൃത്വം കൊടുത്തതും സംഘപരിവാർ ശക്തികളാണ്. അത് എല്ലാവർക്കുമറിയാം. 52 വയസുള്ള ഭക്തയെപോലും കയ്യേറ്റം ചെയ്യാൻ ശ്രമം നടന്നു. ആൻറണിയുടെ പാർട്ടിയും അണികളും ഈ കലാപകാരികൾക്ക് ഒത്താശ ചെയ്ത് പ്രവർത്തിച്ചു. പകൽ കോൺഗ്രസ്സും രാത്രി ബി.ജെ.പിയുമായി മാറുന്ന കോൺഗ്രസ്സുകാരുടെ പ്രതിരൂപമായി മാറുകയാണ് എ.കെ. ആൻറണി ഈ പ്രസ്താവനയിലൂടെ. കോൺഗ്രസ്സുകാരിൽ പലരും ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് ആന്റണി അറിഞ്ഞിട്ടില്ലേ. യഥാർത്ഥ കലാപകാരികളെ തുറന്നു കാട്ടുന്നതിനു പകരം സി.പി.എമ്മിനെ പഴിചാരുന്നത് കാപട്യമാണ്. ദേവസ്വംബോർഡ് വിധി നടപ്പാക്കുന്നതിന് സാവകാശം തേടി കോടതിയെ സമീപിച്ച സാഹചര്യംപോലും മറച്ചുവെച്ചാണ് എ.കെ. ആൻറണി പൊടുന്നനെ വിലകുറഞ്ഞ ആരോപണവുമായി രംഗത്തെത്തിയത്. ഉത്തരേന്ത്യൻ അജണ്ടയാണ് സംഘപരിവാർ കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. അതിനെ അനുകൂലിക്കാത്ത മതനിരപേക്ഷകേരളം ഉറച്ച നിലപാടിലൂടെയാണ് മുന്നോട്ടുപോകുന്നതെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. സംഘപരിവാർ അക്രമത്തെ അപലപിക്കാത്ത കോൺഗ്രസ്സ് നിലപാടാണ് യഥാർത്ഥത്തിൽ സംഘപരിവാർ ശക്തികൾക്ക് ഊർജ്ജം പകരുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *