വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ അടിച്ചമർത്തും; സംഘപരിവാറിന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

  • 86
    Shares

സംസ്ഥാനത്ത് വർഗീയ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ ലാഭത്തിനൊരുങ്ങുന്ന സംഘപരിവാറിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർ എസ് എസും ബിജെപിയും കേരളത്തിൽ ക്രമസമാധാനം അപകടത്തിലാണെന്ന് പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയ കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളെ സർക്കാർ അടിച്ചമർത്തും. സമാധാന ജീവിതം ഉറപ്പാക്കുക സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിൻറെ പേരിൽ സംസ്ഥാനത്തുടനീളം ആസൂത്രിതമായി അക്രമം അഴിച്ചുവിട്ട് ജനങ്ങളുടെ സൈ്വരജീവിതവും സമാധാനവും തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയും ആർ.എസ്.എസ്സും തന്നെയാണ് കേരളത്തിൽ ക്രമസമാധാനം അപകടത്തിലാണെന്ന് പ്രചരിപ്പിക്കുകയും കേന്ദ്രം ഇടപെടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. സുപ്രീം കോടതി വിധിക്കെതിരെ ബി.ജെ.പിയും ആർ.എസ്.എസ്സും ആസൂത്രിതമായും സംഘടിതമായും നടത്തുന്ന അക്രമങ്ങളല്ലാതെ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ല.

ആരാധനയുടെ കാര്യത്തിൽ സ്ത്രീകളും പുരുഷൻമാരും തുല്യരാണെന്ന സുപ്രീം കോടതി വിധി നടപ്പാക്കുക എന്ന ഭരണഘടനാ ബാധ്യതയാണ് സർക്കാർ നിർവഹിക്കുന്നത്. കോടതി വിധി അട്ടിമറിക്കാൻ കലാപം സംഘടിപ്പിക്കുന്നവർ, സംസ്ഥാന സർക്കാർ ഭരണഘടനാപരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുന്നത് വിചിത്രമാണ്. ഭരണാഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുന്ന സർക്കാരിനെതിരെ ഭീഷണി ഉയർത്തുന്നതാണ് ഭരണഘടനാ വിരുദ്ധം. ഭരണഘടനയോട് തെല്ലെങ്കിലും കൂറും ജനങ്ങളോട് പ്രതിബദ്ധതയും ഉണ്ടെങ്കിൽ സ്വന്തം അണികളോട് അക്രമം അവസാനിപ്പിക്കാൻ നിർദേശിക്കുകയാണ് ബി.ജെ.പി ദേശീയ നേതൃത്വം ചെയ്യേണ്ടത്.

സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ച് ജനുവരി മൂന്നിന് നടത്തിയ ഹർത്താലിൻറെ മറവിൽ വ്യാപകമായ അക്രമങ്ങളാണ് ഉണ്ടായത്. നൂറിലേറെ കെ.എസ്.ആർ.ടി.സി ബസ്സുകൾ തകർത്തു. സർക്കാർ വാഹനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും കടകൾക്കും വീടുകൾക്കും നേരെ വ്യാപകമായ അക്രമങ്ങളുണ്ടായി. സി.പി.ഐ.എം, സിപിഐ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ജനപ്രതിനിധികളുടെയും രാഷ്ട്രീയനേതാക്കളുടെയും വീടുകളും പലയിടത്തും ആക്രമണത്തിനിരയായി.

മാധ്യമപ്രവർത്തകർക്കു നേരെ കേരളത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്തവിധം വ്യാപകമായ ആക്രമണങ്ങളുണ്ടായി. മാധ്യമപ്രവർത്തകരുടെ ക്യാമറകളും തല്ലിത്തകർത്തു. തെരഞ്ഞുപിടിച്ച് മാധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബിജെ.പി സംസ്ഥാന നേതാക്കളുടെ വാർത്താസമ്മേളനം മാധ്യമപ്രവർത്തകർ ബഹിഷ്‌കരിക്കുന്ന സ്ഥിതിയുണ്ടായി. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയപാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടിൻറേയും മറ്റും വാർത്താസമ്മേളനം മാധ്യമപ്രവർത്തകർ ബഹിഷ്‌കരിക്കുന്നത്.

സംസ്ഥാനത്താകെ 1800 ഓളം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ കേസുകളിൽ ജയിലിലായ 700 ലധികം പേരുടെ രാഷ്ട്രീയം പരിശോധിച്ചാൽ ആരാണ് യഥാർത്ഥ അക്രമികളെന്ന് ബോധ്യമാകും. നെടുമങ്ങാട് പോലീസ് സ്റ്റേഷനുനേരെ ആർ.എസ്.എസ്. നേതാവ് ബോംബ് എറിയുന്ന ചിത്രം പ്രധാന മാധ്യമങ്ങളിലെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോഴിക്കോട് നഗരത്തിൽ ഉൾപ്പെടെ പലയിടത്തും വർഗ്ഗീയ സംഘർഷമുണ്ടാക്കാനുളള ഗൂഢാലോചനയും ഇതിൻറെ ഭാഗമായി നടന്നു. ഉത്തരേന്ത്യയിൽ പലയിടത്തും സംഘപരിവാർ പരീക്ഷിച്ച് വിജയിച്ച തന്ത്രം കേരളത്തിലും പയറ്റാനാണ് ശ്രമിക്കുന്നത്. അതു കേരളത്തിൽ നടക്കില്ല. അക്രമങ്ങളെയും വർഗ്ഗീയ കലാപമുണ്ടാക്കുനുളള ശ്രമങ്ങളെയും സർക്കാർ നിർദാക്ഷിണ്യം അടിച്ചമർത്തും. അക്രമികളുടെ രാഷ്ട്രീയം നോക്കാതെയുള്ള കർശന നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. അക്രമം തടയുകയും സമാധാന ജീവിതം ഉറപ്പാക്കുകയും ചെയ്യേണ്ടത് സർക്കാരിൻറെ ഭരണഘടനാപരമായ ബാധ്യതയാണ്. ഒരു തരത്തിലുളള ഭീഷണിക്കും സർക്കാർ വഴങ്ങില്ല. കലാപം നടത്തി കേരളത്തിൽ വേരുറപ്പിക്കാനാകുമോ എന്നാണ് സംഘപരിവാർ നോക്കുന്നത്. അതൊന്നും കേരളത്തിൽ വിലപ്പോകില്ലെന്ന് ബി.ജെ.പി. നേതൃത്വം മനസ്സിലാക്കിയാൽ നല്ലത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *