കടുക്കൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മേൽശാന്തി; നമ്മളെ തോൽപ്പിക്കാൻ ആർക്കാണ് കഴിയുകയെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ശക്തിപ്പെടുത്താനുള്ള ജനങ്ങളുടെ നിശ്ചയദാർഢ്യത്തെ അഭിനന്ദിച്ച് പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജനനന്മകളെ മുഖ്യമന്ത്രി പ്രശംസിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കടുക്കൻ ഊരിനൽകിയ മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ശ്രീനാഥ് നമ്പൂതിരിയെ മുഖ്യമന്ത്രി പ്രത്യേകം പരാമർശിക്കുന്നു
പോസ്റ്റിന്റെ പൂർണരൂപം
സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ മഴ താരതമ്യേന കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഭീതിയുടെ അന്തരീക്ഷം മാറുകയാണ്. എന്നാൽ ഈ ദിവസങ്ങളിൽ പെയ്ത അതിതീവ്ര മഴയും അതിന്റെ ഫലമായുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും പ്രളയവും ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്. അതിൽ നിന്ന് കരകയറാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് എല്ലാം മറന്നുള്ള പിന്തുണ ലഭിക്കുന്നത് ആവർത്തിച്ചു പറയേണ്ട കാര്യമാണ്. ആരാധനാലയങ്ങൾ അഭയ കേന്ദ്രങ്ങളാകുന്നത് നേരത്തെ ഒരു പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇവിടെ, തിരുവനന്തപുരത്ത് ഇന്ന് ഓഫിസിൽ എത്തിയത്, ദുരിതബാധിതർക്ക് സുമനസ്സുകൾ സ്വയം തയാറായി വന്നു നൽകുന്ന സഹായം സ്വീകരിക്കാനാണ്.
ഒരുമാസത്തെ സ്വന്തം വരുമാനം ആകെ നൽകുന്നവർ, മകന്റെ വിവാഹത്തിന് നീക്കിവെച്ച പണം ഏൽപ്പിക്കുന്നവർ, സമ്പാദ്യക്കുടുക്ക അപ്പാടെ ഏൽപ്പിക്കുന്ന കുട്ടികൾ- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ് നിധി ശക്തിപ്പെടുത്താനുള്ള ജന മനസ്സുകളുടെ നിശ്ചയദാർഢ്യം തൊട്ടറിയുകയാണ്.
ഇന്ന് അറിഞ്ഞ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കൻ ഊരി നൽകിയ മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേൽശാന്തി ശ്രീനാഥ് നമ്പൂതിരിയെക്കുറിച്ചാണത്.
ദുരിതാശ്വാസഫണ്ട് സമാഹരണത്തിന് പ്രവർത്തകർ എത്തിയപ്പോൾ അദ്ദേഹം കാതിലെ കടുക്കൻ ഊരി നൽകിയാണ് പ്രതികരിച്ചത്. ഇങ്ങനെയുള്ള മനുഷ്യർ ഉള്ളപ്പോൾ നമ്മളെ ആർക്കാണ് തോൽപ്പിക്കാൻ കഴിയുക..