വാക്കിന് വില കൊടുക്കുന്നവരാണല്ലോ നമ്മൾ, അതില്ലാതായാൽ എന്തു ചെയ്യും; മോദിക്കെതിരെ പിണറായി
പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കിന് വിലയില്ലാത്ത ഒരാളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബൈ പൊതുയോഗത്തിൽ മലയാളി സമൂഹത്തോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരിതാശ്വാസ നിധിയിലേക്ക് സഹായം സമാഹരിക്കാൻ വേണ്ടി മന്ത്രിമാർക്ക് വിദേശയാത്രകൾക്ക് പ്രധാനമന്ത്രി വാക്കാൽ അനുമതി നൽകിയതാണ്. എന്നാൽ പിന്നീട് ഇത് നിഷേധിക്കുന്ന സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചത്
വാക്കിന് വില നൽകുന്നവരാണല്ലോ നമ്മൾ, വാക്കിന് വില ഇല്ലാതായാൽ ഏത് സ്ഥാനത്തിരുന്നിട്ടും കാര്യമില്ല. ദുരിതാശ്വാസ സഹായമഭ്യർഥിക്കാനായി വിവിധ രാജ്യങ്ങളിലുള്ള മലയാളികളെ കാണുന്നതിനായി അനുമതി ചോദിച്ചപ്പോൾ മലയാളി സമൂഹത്തിൽ നിന്നുമാത്രമല്ല, വിവിധ ചാരിറ്റി ഓർഗനൈസേഷനിൽ നിന്നും സഹായം വാങ്ങാമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ പിന്നീട് യാതൊരു വിധ മറുപടിയും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിക്കാതായി,
കേരളത്തെ സഹായിക്കാൻ പല രാജ്യങ്ങളും സ്വയമേവ തയ്യാറായിട്ടും കേന്ദ്രം അനുവദിച്ചില്ല. നാടിനൊപ്പം നിൽക്കുമെന്ന മലയാളിയുടെ ബോധത്തെ ആരു വിചാരിച്ചാലും പിന്തിരിപ്പിക്കാൻ ആകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു