പ്രളയക്കെടുതി നേരിട്ടറിയാൻ പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ
സംസ്ഥാനത്തെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് ശേഷമാകും മോദി കേരളത്തിലേക്ക് എത്തുക. വൈകുന്നേരത്തോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി മറ്റന്നാൾ രാവിലെയോടെയാകും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുക
കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. വൈകുന്നേരമെത്തുന്ന പ്രധാനമന്ത്രി കൊച്ചിയിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു.