ശബരിമലയെ രക്തമൊഴുക്കി അശുദ്ധിയാക്കാൻ ശ്രമിച്ചത് രാജ്യദ്രോഹമെന്ന് മന്ത്രി കടകംപള്ളി
ശബരിമലയെ അശുദ്ധിപ്പെടുത്താൻ നിരവധി പദ്ധതികൾ തങ്ങൾക്കുണ്ടായിരുന്നുവെന്ന് ഇന്നലെ വെളിപ്പെടുത്തിയ സവർണ ഹിന്ദു വക്താവ് രാഹുൽ ഈശ്വറിനെയും കലാപം അഴിച്ചുവിട്ട സംഘ്പരിവാറിനെയും വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ മൂത്രമൊഴിച്ചും രക്തമൊഴുക്കിയും ക്ഷേത്രം അശുദ്ധിയാക്കുമെന്നായിരുന്നു രാഹുൽ ഈശ്വർ പറഞ്ഞിരുന്നത്. ശബരിമലയിൽ ചോര ഒഴുക്കാൻ പദ്ധതിയിട്ടത് രാജ്യദ്രോഹമാണെന്ന് മന്ത്രി പറഞ്ഞു.
പോലീസിന്റെ കൃത്യമായ ഇടപെടലാണ് വലിയൊരു പ്രതിസന്ധിയിൽ നിന്ന് ശബരിമലയെ രക്ഷിച്ചത്. ശബരിമലയെ കലാപഭൂമിയാക്കാനുള്ള ഗൂഢാലോചന നടന്നുവെന്ന് രാഹുൽ ഈശ്വറിന്റെ വെളിപ്പെടുത്തലിൽ നിന്ന് വ്യക്തമായി കഴിഞ്ഞു. വിശ്വാസത്തിന്റെ പേരിൽ വർഗീയവാദികൾ ശബരിമല കേന്ദ്രീകരിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് മനസ്സിലായി.
സംസ്ഥാനത്തെയും രാജ്യത്തെ വിശ്വാസികളെയും വഞ്ചിക്കാൻ ഇവർ നടത്തിയ നീക്കങ്ങൾ എത്ര വലുതായിരുന്നുവെന്ന് ഇപ്പോൾ ബോധ്യമാകുകയാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു