പീഡനക്കേസ് പ്രതി ഫ്രാങ്കോയ്ക്കെതിരായ കേസ് അട്ടിമറിക്കാൻ ശ്രമം; കന്യാസ്ത്രീകൾ മുഖ്യമന്ത്രിക്ക് പരാതി നൽകി
പീഡനക്കേസ് പ്രതിയും ജലന്ധറിലെ മുൻ ബിഷപുമായ ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ചൂണ്ടിക്കാട്ടി കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകൾ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. പീഡനക്കേസ് പ്രതി ഫ്രാങ്കോയ്ക്കെതിരെ സമരം നടത്തിയതിന് നാല് കന്യാസ്ത്രീകളെയും സ്ഥലം മാറ്റി സഭ പ്രതികാരം തീർത്തിരുന്നു. സ്ഥലം മാറ്റം തടയാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ഇവർ കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
കേസിലെ നിർണായക സാക്ഷികളാണ് നാല് കന്യാസ്ത്രീകളും. തങ്ങൾക്ക് നിരന്തര ഭീഷണിയുണ്ടെന്ന് ഇവർ പറയുന്നു. സ്ഥലം മാറ്റിയത് സമ്മർദത്തിലാക്കാനാണ്. ഫ്രാങ്കോ ബലാത്സംഗം ചെയ്ത കന്യാസ്ത്രീയെ സഹായിക്കുക മാത്രമാണ് തങ്ങൾ ചെയ്ത കുറ്റം. ബിഷപിന്റെ താളത്തിനൊത്ത് തുള്ളുന്നയാളാണ് മദർ സുപ്പീരിയർ. സ്ഥലം മാറ്റിക്കൊണ്ടുള്ള മദർ സുപ്പീരിയറിന്റെ ഉത്തരവ് കഴിഞ്ഞ ദിവസമെത്തിയെന്നും കന്യാസ്ത്രീകൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു