സംഘപരിവാറിൽ അടി മുറുകുന്നു: റെഡി ടു വെയിറ്റ് ഗ്രൂപ്പിനെ തള്ളിപ്പറഞ്ഞ് ശശികല; വായ് മൂടിക്കെട്ടാമെന്ന് കരുതേണ്ടെന്ന് റെഡി ടു വെയിറ്റ് പത്മ പിള്ള

തെരഞ്ഞെടുപ്പ് കഴിയും വരെ ശബരിമലയെ കലാപഭൂമിയാക്കുകയും ഭൂരിപക്ഷ സമുയാദങ്ങളുടെ വികാരത്തെ ആളിക്കത്തിച്ച് മുതലെടുപ്പിന് ശ്രമിക്കുകയും ചെയ്ത സംഘപരിവാറിൽ ഇപ്പോൾ നടക്കുന്നത് കൂട്ടത്തല്ല്. ആർത്തവം അശുദ്ധിയായി കണക്കാക്കുന്ന റെഡി ടു വെയിറ്റ് ടീമുകളും ആർ എസ് എസിലെ ബൗദ്ധിക നേതൃത്വവും തമ്മിലാണ് വാക് പോര് മുറുകുന്നത്. ശബരിമല പ്രക്ഷോഭത്തിൽ റെഡി ടു വെയിറ്റ് ബിജെപിക്കൊപ്പമല്ലെന്നും ഈ ക്യാമ്പയിനുമായി ആചാര സംരക്ഷണ സമിതിക്ക് യാതൊരു ബന്ധവുമില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല പറഞ്ഞു

റെഡി ടു വെയിറ്റ് ഗ്രൂപ്പ് ലീഡർ പത്മ പിള്ളയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ കെ പി ശശികല പറഞ്ഞു. സംഘപരിവപാർ നേതൃത്വത്തിനെതിരെ ഫേസ്ബുക്കിലെ റെഡി ടു വെയിറ്റ് ടീമുകൾ വിമർശനങ്ങൾ ഉന്നയിച്ചതോടെയാണ് കെ പി ശശികല ഇവർക്കെതിരെ തുറന്നടിച്ചത്. എന്നാൽ കെ പി ശശികലയെയും വിമർശിച്ച് റെഡി ടു വെയിറ്റ് പത്മ പിള്ള രംഗത്തുവന്നു. പതിവ് പോലെ ഫേസ്ബുക്കിലൂടെയായിരുന്നു റെഡി ടു വെയിറ്റ് പത്മ പിള്ളയുടെ പ്രതികരണം

ശബരിമല പ്രക്ഷോഭത്തിന്(കലാപത്തിന്) റെഡി ടു വെയിറ്റ് പങ്കെടുത്തിട്ടില്ലെന്ന് പറയാനുള്ള അധികാരം കെ പി ശശികലക്കില്ലെന്ന് പത്മ പിള്ള ഫേസ്ബുക്കിൽ കുറിച്ചു. താനുൾപ്പെടെയുള്ള അയ്യപ്പ ഭക്തരുടെ വികാരങ്ങളും ആകാംക്ഷയുമൊക്കെ ഉയർത്തിക്കാട്ടിയാണ് പ്രക്ഷോഭവും തെരഞ്ഞെടുപ്പ് പ്രചാരണവുമൊക്കെ നടത്തിയതെന്നും പത്മ പിള്ള പറഞ്ഞു.

ശബരിമലയിൽ പ്രവർത്തകരെ തല്ല് കൊള്ളിച്ചത് പിണറായി വിജയനെ എതിർക്കാൻ വേണ്ടി മാത്രമാണ്, ആചാര സംരക്ഷണത്തിനായിരുന്നില്ലെന്ന് പത്മ പിള്ള വെളിപ്പെടുത്തിയിരുന്നു. ആർ എസ് എസിലെ ബൗദ്ധിക വിഭാഗം ശബരിമല യുവതി പ്രവേശനത്തിന് അനുകൂലമാണെന്ന് കണ്ടതോടെയാണ് റെഡി ടു വെയിറ്റ് ടീമുകൾക്ക് അസഹിഷ്ണുത രൂക്ഷമായതും ആർ എസ് എസ് നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കാനും ആരംഭിച്ചത്.

റെഡി ടു വെയിറ്റ് പത്മ പിള്ളയുടെ കുറിപ്പിന്റെ പൂർണരൂപം

ശശികല ടീച്ചര്‍ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് എന്റെ പ്രതികരണം.

1. ശബരിമല പ്രക്ഷോഭത്തില്‍ Ready to Wait (RTW) പങ്കെടുത്തിട്ടില്ല എന്ന് പറയാനുള്ള ഒരധികാരവും ടീച്ചര്‍ക്കില്ല. അവരുടെ സംഘടന നടത്തിയ പ്രക്ഷോഭം മാത്രമേ (oslely) അവര്‍ പരിഗണിക്കുന്നുള്ളൂ എന്നത് തികച്ചും സങ്കുചിത മനോഭാവമാണ്, രാഷ്ട്രീയമാണ്. NSS, AHP മുതല്‍ തികച്ചും സംഘടനാ സ്വഭാവമില്ലാതെ ആളുകള്‍ നടത്തിയ നാമജപഘോഷയാത്രകളെ തൃണവല്‍ക്കരിക്കാന്‍ ടീച്ചര്‍ക്ക് ആരാണ് അധികാരം കൊടുത്ത്? അതോ പൊലീസുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ മാത്രമേ ടീച്ചര്‍ പ്രക്ഷോഭമായി കൂട്ടുന്നുള്ളോ?

അങ്ങനെയെങ്കില്‍ യുവതീ പ്രവേശനത്തെ ആദ്യം മുതല്‍ക്കെതിര്‍ത്ത 50 വയസ്സില്‍ താഴെയുള്ള കേരളത്തിലെ ഒരു വിശ്വാസി ഹിന്ദു സ്ത്രീക്കും ശബരിമല പ്രക്ഷോഭവുമായി ബന്ധമില്ല എന്ന് പറയേണ്ടി വരും.. അവരാരും സന്നിധാനത്ത് വന്നു അറസ്റ്റ് വരിക്കുകയോ കേസില്‍ പ്രതിയാവുകയോ ചെയ്തിട്ടില്ലല്ലോ

2. എന്നെ പ്രക്ഷോഭങ്ങളില്‍ എങ്ങും കണ്ടില്ല എന്ന് ടീച്ചര്‍ പറഞ്ഞല്ലോ. വീണ്ടും പ്രക്ഷോഭം എന്നാല്‍ കായിക പ്രക്ഷോഭം മാത്രം എന്ന കാഴ്ചപ്പാട് ആണതില്‍ പൊന്തി നില്‍ക്കുന്നത്. എന്തായാലും എന്നെ കൊണ്ട് സാധിക്കുന്ന തരത്തില്‍ ഒക്കെ ഇവിടെ നടന്ന വലിയ വിശ്വാസ സംരക്ഷണ മുന്നേറ്റത്തില്‍ ഞാനും പങ്കു ചേര്‍ന്നിട്ടുണ്ട്. കാണേണ്ടെന്ന് തീരുമാനിച്ചവര്‍ക്കല്ലാത്ത എല്ലാവരും അത് കണ്ടിട്ടുമുണ്ടാവണം. ഇനി ആരും കണ്ടില്ലെങ്കിലും സാരമില്ല. അയ്യപ്പന്‍ കണ്ടിട്ടുണ്ടെന്ന് ഉറപ്പാണ്. അങ്ങനെ കാണപ്പെടാന്‍ വേണ്ടിയല്ലാതെ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത ലക്ഷങ്ങള്‍ക്ക് ആര്‍ക്കും അപ്പോള്‍ അഭിപ്രായം പറയാന്‍ പോലും അര്‍ഹതയില്ല എന്നാണോ ടീച്ചര്‍ പറഞ്ഞു വെയ്ക്കുന്നത്?

3. Feel Exploited എന്ന് വെച്ചാല്‍ പല രീതിയില്‍ ഉണ്ടല്ലോ. ഞാനുള്‍പ്പെടെയുള്ള അയ്യപ്പഭക്തരുടെ വികാരങ്ങളും ആകാംക്ഷയുമൊക്കെ പലരീതിയില്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രക്ഷോഭങ്ങളും ഇലക്ഷന്‍ പ്രചാരണവുമൊക്കെ നടത്തിയതെന്നിരിക്കെ, നിങ്ങള്‍ agitation ലേക്ക് ക്ഷണിച്ചവര്‍ക്കു മാത്രമേ അതിനെക്കുറിച്ചു പറയാന്‍ പാടുള്ളൂ എന്ന് ഒരു നിയമം ഉണ്ടെന്നറിഞ്ഞില്ല.

4. ഞാന്‍ കര്‍മ്മസമിതിയുടെയോ, ടീച്ചര്‍ ഇപ്പറഞ്ഞ ഹിന്ദു സംഘടനകളുടെയോ അംഗം അല്ല. എനിക്ക് ആ സംഘടനകളോട് എന്തെങ്കിലും പരാതിയുണ്ടെങ്കിലല്ലേ അവരെ വിളിക്കേണ്ടൂ. R ഹരിയെയും, അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങള്‍ ആവര്‍ത്തിക്കുന്ന ഒരുപറ്റം വ്യക്തികളെയും, ആചാരമെന്തായാലും മാറ്റണം അതിനുള്ള മാര്‍ഗ്ഗം മാത്രമാണ് എതിര്‍ക്കുന്നത് എന്ന് പറയുന്നവരെയും പറ്റിയുള്ള എന്റെ എതിര്‍പ്പുകള്‍ കര്‍മ്മസമിതിയോടു പറയേണ്ട കാര്യമെന്ത്? അവരെ മാത്രമാണ് ഞാന്‍ പറഞ്ഞത് എന്നാവര്‍ത്തിച്ചു വിശദീകരിച്ചു കഴിഞ്ഞു.

(വ്യക്തികളുടെ opinion RSS ന്റേതാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, പക്ഷെ RSS നുള്ളിലെ വ്യക്തികളെ വിമര്‍ശിക്കുന്നവരുമായി ‘ഒത്തുതീര്‍പ്പു’ വേണ്ട എന്ന് RV ബാബു പറഞ്ഞിട്ടുണ്ട്. ആ വൈരുധ്യം ടീച്ചര്‍ക്ക് മനസിലായോ ആവോ)

5. ഈ ഇന്റര്‍വ്യൂവില്‍ ഏറ്റവും ദുഷിച്ച, എനിക്കേറ്റവും എതിര്‍പ്പുള്ള ഭാഗം CP സുഗതന്‍ മതിലുപണി വഴി പിണറായി വിജയനേയും സി.പി.ഐ.എം നെയും ഒക്കെ സഹായിക്കാന്‍ ഇറങ്ങിയിരിക്കുന്നു എന്ന് പറയുക വഴി അവര്‍ RTW നെയോ എന്നെയോ കൂടെ വ്യംഗ്യമായി അതെ പദ്ധതിയില്‍ കൂട്ടിക്കെട്ടുകയാണ്. ഒരല്‍പം വിമര്‍ശനം വരുമ്പോള്‍ മുഴുവന്‍ കാര്യങ്ങള്‍ മനസിലാക്കാതെ ഉടനെ അജണ്ടയും ചാരപ്പണി ആരോപണവും ഒക്കെ പടച്ചു വിടുന്ന കുറെ ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ നിലവാരമേയുള്ളൂ അത്തരം ജല്‍പനങ്ങള്‍ക്ക്.

ഞാന്‍ ഒരു സംഘടനയുടെയും ഭാഗമല്ല. കേരളത്തിലെ വിശ്വാസി ഹിന്ദു സ്ത്രീകള്‍ യുവതീ പ്രവേശനം ആഗ്രഹിക്കുന്നില്ലെന്നും, അതിനാല്‍ ആചാര പരിഷ്‌കരണം ആവശ്യമില്ലെന്നും സംഘടിത രൂപത്തില്‍ ആദ്യമായി പ്രഖ്യാപിച്ച RTW എന്ന കൂട്ടായ്മയിലെ ഒരംഗം മാത്രമാണ്. RTW എന്ത് ചെയ്തെന്ന് വിശ്വാസ സമൂഹം വിലയിരുത്തട്ടെ. എന്നാല്‍ ശബരിമല യുവതിപ്രവേശനത്തിനു വേണ്ടി തങ്ങളാല്‍ ആവതു ചെയ്ത – ചര്‍ച്ചകളിലൂടെയും, കോടതി വ്യവഹാരത്തിലൂടെയും, കര്‍മ്മ സമിതിക്കുള്‍പ്പെടെയുള്ള സാമ്പത്തിക സംഭാവനയായും, ടിവിക്കു മുമ്പില്‍ നെഞ്ചുപൊട്ടിയിരുന്നു കരഞ്ഞു പ്രാര്‍ത്ഥിച്ച വകയിലും- പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ അഭിപ്രായം പറയാന്‍ പോലും അര്‍ഹതയില്ലാത്ത വെറും നികൃഷ്ടരായിക്കാണുന്ന പ്രവണത നന്നല്ല.

അടികൊള്ളുകയും കേസ് വരിക്കുകയും ചെയ്ത പാര്‍ട്ടിഭേദമന്യേ എല്ലാവരോടുമുള്ള തികഞ്ഞ കൃതജ്ഞത പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പക്ഷെ ആ നന്ദിയെ ഒരു കൂച്ചുവിലങ്ങായോ വായ്മൂടിക്കെട്ടാനുള്ള കാരണമായോ ഉപയോഗിക്കാന്‍ ആരെയും സമ്മതിക്കില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *