മരിച്ച നിലയിൽ കണ്ടെത്തിയ അയ്യപ്പ ഭക്തൻ ശിവദാസൻ ആർഎസ്എസുകാർക്കെതിരെ നൽകിയ പരാതി പുറത്ത്
പത്തനംതിട്ട ളാഹ വനത്തിനുള്ളിൽ അയ്യപ്പ ഭക്തനായ ശിവദാസനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘ്പരിവാറിന് തിരിച്ചടി. ശിവദാസൻ ആചാരി മരിച്ചത് പോലീസ് നടപടിക്കിടെയാണെന്നും ബലിദാനി എന്നും വിശേഷിപ്പിച്ച് ആർ എസ് എസ് ബിജെപി പ്രവർത്തകർ പത്തനംതിട്ടയിൽ ഹർത്താൽ നടത്തുകയാണ്. എന്നാൽ ശിവദാസന്റെ മരണത്തിന് പിന്നിൽ ആർഎസ്എസ് ബന്ധമുണ്ടോയെന്നതടക്കം സംശയം നൽകുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്.
ബിജെപി-ആർഎസ്എസ് പ്രദേശിക നേതൃത്വത്തിനെതിരെ പരാതി നൽകിയിരുന്ന വ്യക്തിയായിരുന്നു ശിവദാസൻ ആചാരി. ആർഎസ്എസ്, ബിജെപി നേതാക്കളായ നാണു, മണി, ഗൗരി, സാവിത്രി എന്നിവർക്കെതിരെയാണ് ശിവദാസൻ പരാതി നൽകിയത്. ഇവർ തന്നെ വഴി നടക്കാൻ അനുവദിക്കുന്നില്ലെന്നും നിരന്തരം ഉപദ്രവിക്കുന്നു എന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.
പന്തളം പോലീസിലാണ് ശിവദാസൻ പരാതി നൽകിയിരുന്നത്. പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു. ശിവദാസന്റെ വാഹനം കത്തിക്കുമെന്നതുൾപ്പെടെ ആർഎസ്എസുകാർ ഭീഷണി മുഴക്കിയിരുന്നു. പോലീസ് സ്റ്റേഷനിൽ വെച്ച് ഇനി ബുദ്ധിമുട്ടിക്കില്ല എന്ന് പറഞ്ഞുവെങ്കിലും പുറത്തിറങ്ങിയ ശേഷം തല്ലിക്കൊന്ന് കൊക്കയിൽ എറിയുമെന്ന് ആർഎസ്എസുകാർ ഭീഷണിപ്പെടുത്തിയിരുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു.
ശിവദാസന്റെ മരണം ബിജെപി ആഘോഷിക്കുന്ന സമയത്താണ് മരണത്തിന് പിന്നിൽ ആർഎസ്എസ് ക്രിമിനലുകൾക്ക് പങ്കുണ്ടോയെന്ന സംശയവും ഉടലെടുക്കുന്നത്. ശിവദാസന് ആകെ ശത്രുക്കളായി ഉണ്ടായിരുന്നത് ആർഎസ്എസുകാരാണ്.