ബിജെപി-യുഡിഎഫ് ഒത്തുകളിയെന്ന് മുഖ്യമന്ത്രി; സഭാ കവാടത്തിൽ പ്രതിപക്ഷത്തിന്റെ സമരം
ശബരിമല വിഷയത്തിൽ ബിജെപിയും യുഡിഎഫും ഒത്തുകളിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് നിയമസഭയിൽ ഇന്നും ബഹളം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ സ്പീക്കർ സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഇന്നത്തേക്ക് പിരിച്ചുവിട്ടു.
സഭാ നടപടികളോട് പ്രതിപക്ഷം സഹകരിക്കുമെന്നും യുഡിഎഫ് എംഎൽഎമാർ സഭാ കവാടത്തിൽ സമരമിരിക്കുമെന്നും സഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇതിന് പിന്നാലെ മുഖ്യമന്ത്രി പ്രതിപക്ഷത്തിന് ഇത് വൈകി വന്ന വിവേകമാണെന്നും ശബരിമല വിഷയത്തിൽ യുഡിഎഫും ബിജെപിയും ഒത്തുകളിക്കുകയാണെന്നും ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ നിലപാടിനോടല്ല, അമിത് ഷായുടെ വാക്കുകളാണ് കോൺഗ്രസുകാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറച്ചതോടെ ഭരണപക്ഷ അംഗങ്ങളും പ്രകോപിതരായി എഴുന്നേറ്റു. ഇതോടെയാണ് സ്പീക്കർ സഭ പിരിച്ചുവിടട്ത്.
വി എസ് ശിവകുമാർ, എൻ ജയരാജ്, പാറയ്ക്കൽ അബ്ദു്ള എന്നിവരാണ് നിയമസഭാ കവാടത്തിൽ സത്യാഗ്രഹമിരിക്കുന്നത്.