ശബരിമല: ഇഷ്ടമുള്ള സ്ത്രീകൾക്ക് പോകാം, അല്ലാത്തവർ പോകേണ്ട; കൊണ്ടുപോകാനും വരാനും സിപിഎം ഇടപെടില്ലെന്ന് കോടിയേരി

  • 12
    Shares

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈന്ദവ സംഘടനകൾ പ്രതിഷേധം ശക്തമാക്കുമ്പോൾ നിലപാട് അറിയിച്ച് സിപിഎം. സ്ത്രീകളെ ശബരിമലയിൽ കൊണ്ടുപോകാനും വരാനും സിപിഎം ഇടപെടില്ലെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നു

ഇഷ്ടമുള്ള സ്ത്രീകൾക്ക് അവസരം ഉപയോഗിക്കാം. താത്പര്യമില്ലാത്തവർ അങ്ങോട്ടു പോകേണ്ട. സ്ത്രീകളെ കൊണ്ടുപോകാനും വരാനും സിപിഎം ഇടപെടില്ല. അയ്യപ്പ ഭക്തരായ പുരുഷൻമാരുടെ ആരാധനാ സ്വാതന്ത്ര്യത്തിലും സിപിഎം ഇടപെട്ടിട്ടില്ല.

വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമർത്താൻ സിപിഎം ഇടപെടുന്നുവെന്ന് ആരോപിക്കുന്നത് അസംബന്ധമാണെന്ന് കോടിയേരി ലേഖനത്തിൽ പറയുന്നു. കോടതി വിധി നടപ്പാക്കുന്നതിന് മാർഗതടസ്സം സൃഷ്ടിക്കാനുള്ള പ്രതിഷേധ സമരപരിപാടികൾക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ ചൂട്ടുകത്തിച്ച് കൊടുക്കുകയാണ്. നിയമവഴികൾ തേടാതെ വിശ്വാസികളെ സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള നീക്കം ശബരിമലയുടെ ശാന്തി തകർക്കാനുള്ള നീക്കമാണെന്ന് കോടിയേരി പറയുന്നു.

വിധിയെ എഐസിസി സ്വാഗതം ചെയ്തതാണ്. എന്നിട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിറം മാറിയിരിക്കുന്നത്. ആർ എസ് എസും വിധിയെ സ്വാഗതം ചെയ്തതും കോടിയേരി ചൂണ്ടിക്കാട്ടുന്നു

 


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *