ശബരിമലയിൽ ആർ എസ് എസിന്റെ അഴിഞ്ഞാട്ടം, കെ പി ശശികലക്കെതിരെ കോടതിയെ സമീപിക്കും; തന്ത്രി ദേവസ്വം ബോർഡിന് കീഴിലെന്നും ദേവസ്വം മന്ത്രി
ശബരിമലയിൽ ആർ എസ് എസിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിന് പിന്നിൽ സങ്കുചിത രാഷ്ട്രീയ താത്പര്യമാണ് പലർക്കുമുള്ളതെന്നും മന്ത്രി പറഞ്ഞു.
ഭക്തജനങ്ങൾക്കെതിരെയല്ല, ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റാൻ ശ്രമിക്കു്ന സാമൂഹിക വിരുദ്ധരെ ലക്ഷ്യമിട്ടാണ് സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പും ഒരു സീറ്റും കുറച്ചു വോട്ടും കിട്ടാനാണ് ചിലർ ഈ വിഷയം കത്തിക്കുന്നതെന്ന് സർക്കാരിന് കൃത്യമായി അറിയാം. കോൺഗ്രസും ഈ വിഷയത്തിൽ ബിജെപിയുടെ കെണിയിൽപ്പെട്ടു.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സർക്കാരിന് വാശിയുണ്ടായിരുന്നുവെങ്കിൽ പതിനായിരക്കണക്കിന് സ്ത്രീകൾ മല കയറുമായിരുന്നു. കെ പി ശശികല വർഗീയത വ്യാപരിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വനിതയാണ്. ശശികലയുടെ വർഗീയ വിഷ പ്രചാരണത്തിനെതിരെ സർക്കാർ കോടതിയെ സമീപിക്കും.
തന്ത്രിമാർ സർക്കാരിന് കീഴിലല്ല, ദേവസ്വം ബോർഡിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ദേവസ്വം ബോർഡ് മാനുവലിൽ തന്ത്രിമാരുടെ അധികാരങ്ങളെ കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. ശാന്തിക്കാരെ പോലെ ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടവരാണ് തന്ത്രിമാർ. പൂജസംബന്ധിയായ കാര്യങ്ങളിൽ അല്ലാതെ ഭരണപരമായ കാര്യങ്ങളിൽ തന്ത്രിമാർക്ക് തീരുമാനമെടുക്കാനാകില്ല. ക്ഷേത്രം അടച്ചിടുന്നത് സംബന്ധിച്ച് ഒരു രാഷ്ട്രീയ നേതാവിന്റെ ഉപദേശം തന്ത്രി തേടിയെന്ന വാർത്തയിൽ ദേവസ്വം ബോർഡ് കമ്മീഷണർ വിശദീകരണം തേടിയെന്നും മന്ത്രി പറഞ്ഞു.