ശബരിമലയിലെ സംഘ്പരിവാർ അജണ്ട വ്യക്തമായെന്ന് മുഖ്യമന്ത്രി; പിള്ളയുടെ കൂട്ടുകാരനായി തന്ത്രി പ്രവർത്തിച്ചു

  • 12
    Shares

പി എസ് ശ്രീധരൻ പിള്ളയുടെ പ്രസംഗം പുറത്തായതോടെ ശബരിമല വിഷയത്തിലെ സംഘ്പരിവാർ അജണ്ട വ്യക്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ വിശ്വാസികളുടെ ഇടപെടലുകളല്ല ഉണ്ടായത്. ബിജെപി രാഷ്ട്രീയമായി തീരുമാനിച്ച് നടപ്പാക്കിയതാണ് നിലയ്ക്കലിൽ അടക്കം കണ്ടത്. അവരുടെ ശക്തിവർധിപ്പിക്കുന്നതിന് സ്വീകരിച്ച തന്ത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

യുവതി പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധി വന്നപ്പോൾ ചർച്ചയ്ക്കായി തന്ത്രിയെയും പന്തളം കുടുംബത്തെയും ക്ഷണിച്ചതാണ്. എന്നാൽ രണ്ട് കൂട്ടരും വന്നില്ല. അവർ എന്തുകൊണ്ടാണ് വരാതിരുന്നതെന്ന കാര്യം ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിന് ശേഷം മനസ്സിലായി. എല്ലാ കാര്യങ്ങളും തന്ത്രി തന്നോട് ആലോചിക്കാറുണ്ടെന്നാണ് ശ്രീധരൻ പിള്ള പറഞ്ഞത്. ബിജെപിയുടെ അജണ്ടക്ക് അനുസരിച്ച് തന്ത്രിയെ വരെ നിയന്ത്രിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ സംഘ്പരിവാർ എത്തിച്ചു.

ശബരിമലയിലെ തന്ത്രപ്രധാനമായ സ്ഥാനത്തിരിക്കുന്ന ഒരാൾ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന വിഭാഗത്തിന്റെ തലവനുമായി നിരന്തരം ബന്ധപ്പെടുകയാണ്. നിയമോപദേശം തേടിയെന്നാണ് പറയുന്നത്. പക്ഷേ തന്ത്രി ആരിൽ നിന്നാണ് നിയമോപദേശം തേടേണ്ടത്. ശബരിമലയിൽ തന്നെ അഭിഭാഷകനുണ്ട്. ഹൈക്കോടതിയുടെ ചുമതലപ്പെടട് ജസ്റ്റിസുണ്ട്. അല്ലെങ്കിൽ എജിയുണ്ട്. പിന്നെ എന്തുകൊണ്ട് സമീപിച്ചില്ല. ആ ഘട്ടത്തിൽ രൂപം കൊണ്ട ഒരു പ്രത്യേക കൂട്ടുകെട്ടിൽ തന്ത്രിയും ഭാഗമായില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു

ശ്രീധരൻ പിള്ളയുടെ ചെയ്തികളിൽ തന്ത്രിയും കൂടിയിരിക്കുകയാണ്. തന്ത്രി ഇക്കാര്യത്തിൽ വിശദീകരണം പറയണം. കേരളത്തിന്റെ മതനിരപേക്ഷത സർക്കാർ ഉയർത്തിപ്പിടിക്കും. വിശ്വാസികളോടൊപ്പം സർക്കാരുണ്ടാകുമെന്നും പിണറായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *