വിവാദങ്ങൾക്കിടെ ശബരിമല നട ഇന്ന് തുറക്കും; കനത്ത പോലീസ് സുരക്ഷ
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതിഷേധങ്ങളും നിലനിൽക്കെ തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് പൂജകൾക്കായി നട തുറക്കുക. രാവിലെ 9 മണി മുതൽ ഭക്തർക്ക് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്താം.
സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ പ്രത്യേക സൗകര്യങ്ങൾ എവിടെയും ഏർപ്പെടുത്തിട്ടില്ല. അതേസമയം പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചില ഹൈന്ദവ സംഘടനകൾ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന ഭീഷണി മുഴക്കിയ സാഹചര്യത്തിലാണിത്. ഇന്നലെ നിലയ്ക്കലിൽ യാത്രക്കാരായ സ്ത്രീകളെ വരെ ബസുകളിൽ നിന്നും സ്വകാര്യ വാഹനങ്ങളിൽ നിന്നും ഒരു സംഘം അക്രമികൾ ഇറക്കിവിടുകയും ശാരീരികമായി കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.