രണ്ട് യുവതികൾ ശബരിമലയിലേക്ക്; ഒരാൾ പോലീസ് വേഷത്തിൽ
സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽ രണ്ട് യുവതികൾ സന്നിധാനത്തേക്ക് പോകുന്നു. വൻ പോലീസ് സന്നാഹത്തോടെയാണ് ഇവർ മല കയറുന്നത്. ആന്ധ്രയിൽ നിന്നെത്തിയ കവിത എനന്ന മാധ്യമപ്രവർത്തകയും കറുപ്പണിഞ്ഞ എറണാകുളം സ്വദേശിയായ യുവതിയുമാണ് മല കയറുന്നത്.
കവിത പോലീസ് വേഷത്തിലാണ് മല കയറുന്നത്. പോലീസ് ഉപയോഗിക്കുന്ന ഹെൽമറ്റും ജാക്കറ്റും മറ്റ് വേഷവിധാനങ്ങളും അണിഞ്ഞ് നൂറുകണക്കിന് പോലീസുകാരുടെ വലയത്തിലാണ് സന്നിധാനത്തേക്ക് പോകുന്നത്.
പ്രതിഷേധക്കാരെ വകഞ്ഞുമാറ്റിയാണ് പോലീസ് യുവതികളെ സന്നിധാനത്തേക്ക് എത്തിക്കുന്നത്. സംഘം മരക്കൂട്ടം പിന്നിട്ടു. ഏതാനും നിമിഷങ്ങൾക്കകം ഇരവരും സന്നിധാനത്തേക്ക് എത്തും. അതേസമയം സന്നിധാനത്ത് നൂറുകണക്കിന് ഭക്തർ തടിച്ചുകൂടി നിൽക്കുകയാണ്
ഇന്നലെ രാത്രിയാണ് കവിത മലയിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത്. എന്നാൽ രാത്രി പോകുന്നതിൽ നിന്ന് പോലീസ് ഇവരെ നിരുത്സാഹപ്പെടുത്തുകയും രാവിലെ ഐജി മനോജ് എബ്രഹാം എത്തിയതോടെ സുരക്ഷ ഒരുക്കുകയുമായിരുന്നു.