ശബരിമലയിൽ സ്ത്രീ സുരക്ഷക്കായി വനിതാ പോലീസുകാരെ നിയോഗിക്കും
ശബരിമലയിൽ പ്രായഭേദമന്യെ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ സുരക്ഷക്കായി വനിതാ പോലീസുദ്യോഗസ്ഥരെ നിയമിക്കാൻ തീരുമാനം. ഡിജിപി ലോക്നാഥ് ബെഹ്റയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ 40 ശതമാനത്തോളം ഭക്തരുടെ വർധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽ വനിതാ പോലീസുകാരെ നിയമിക്കാൻ തീരുമാനം. വനിതാ പോലീസുകാരുടെ താമസത്തിന് സൗകര്യം ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെടും
തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ തീർഥാടകരെത്തുമെന്നാണ് കരുതുന്നത്. വനിതാ തീർഥാടകരുടെ സുരക്ഷക്ക് ഡ്രോൺ, ക്യാമറ അടക്കമുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തും. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.