കവിതാ മോഷണം: സ്കൂൾ കലോത്സവത്തിൽ ദീപാ നിശാന്ത് നടത്തിയ മൂല്യനിർണയം റദ്ദാക്കി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദീപാ നിശാന്ത് വിധികർത്താവായി എത്തിയ സംഭവം വിവാദമായതിനെ തുടർന്ന് ഇവർ നടത്തിയ മൂല്യനിർണയം റദ്ദാക്കി. പകരം ഭാഷാ സാഹിത്യ വിദഗ്ധനും അപ്പീർ ജൂറി അംഗവുമായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പുനർമൂല്യനിർണയം നടത്തി. പുലർച്ചെ ഒരു മണിവരെ നീണ്ട യോഗത്തിലാണ് പുനർമൂല്യനിർണയം നടത്താൻ അപ്പീൽ കമ്മിറ്റി തീരുമാനിച്ചത്.
കവിതാ മോഷണത്തെ തുടർന്നാണ് ദീപാ നിശാന്തിനെതിരെ പ്രതിഷേധമുയർന്നത്. ഇന്നലെ ദീപ നിശാന്ത് മൂല്യനിർണയത്തിന് എത്തിയ സമയത്ത് തന്നെ കെ എസ് യു, എബിവിപി പ്രവർത്തകർ പ്രതികരിച്ചിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിൽ ഡിപിഐക്ക് നൽകിയ പരാതി ഹയർ അപ്പീൽ കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. ഇതേ തുടർന്നാണ് പുനർമൂല്യനിർണയം നടത്താൻ കലോത്സവ അപ്പീൽ കമ്മിറ്റി തീരുമാനിച്ചത്.