മനോഭാവത്തിൽ മാറ്റമുണ്ടാക്കാതെയുള്ള പരിഷ്‌കരണത്തിന് നിലനിൽപ്പില്ല, മുതലെടുപ്പുകാരെയും തിരിച്ചറിയേണ്ടതുണ്ട്: ശബരിമല വിധിയും വിശ്വാസികളുടെ ആശങ്കയും

  • 49
    Shares

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇന്ത്യൻ ഭരണഘടന വിശ്വാസ സ്വാതന്ത്ര്യവും അനുവദിക്കുന്നുണ്ട്. ശബരിമലയിലെ മാത്രമല്ല ഏതു മതത്തിലുമുള്ള നൂറുനൂറാചാരങ്ങളെ അവ യുക്തിക്കു നിരക്കുന്നതായാലും അല്ലെങ്കിലും; കാലിക പ്രസക്തി ഉണ്ടെങ്കിലും ഇല്ലെങ്കിലും കോടതി സ്പർശിക്കുന്നില്ല. അതിന് ഭരണഘടനാ പരമായി കോടതിക്ക് അവകാശവുമില്ല.

കോടതി നോക്കിയത് ഒരാചാരം ഭരണഘടനാപരമായ അടിസ്ഥാന അവകാശത്തെ ലംഘിക്കുന്നതാണോ എന്ന കാര്യമാണ്. അതുകൊണ്ടു മാത്രമാണ് ആ ആചാരം ഇന്ത്യൻ റിപ്പബ്ലിക്കിൽ നിലനിൽക്കുന്നതല്ല എന്നു വിധിച്ചത്. നാൽപ്പത്തിയൊന്നു ദിവസം വ്രതമെടുക്കുന്നതോ കറുപ്പുടുക്കുന്നതോ കെട്ടുനിറയ്ക്കുന്നതോ കെട്ടിലെ സാമഗ്രികളുടെ വിവരമോ ഒന്നും കോടതിക്കോ പൊതുസമൂഹത്തിനോ ഇടപെടേണ്ട കാര്യമല്ല. അത് വിശ്വാസികളുടെ മാത്രം കാര്യമാണ്.

നാല്പത്തൊന്നു ദിവസം വ്രതമെടുക്കുന്നുവരൊന്നും ഇക്കാലത്തില്ലല്ലോ, ഈ ചിട്ടകളും ആചാരങ്ങളും എല്ലാം അനാവശ്യമല്ലേ എന്നൊക്കെ ചിലർ ചോദിക്കുന്നുണ്ട്. കാലങ്ങളായി വ്രതവും നിഷ്ഠയും ഒക്കെ പുലർത്തുന്ന വിശ്വാസികൾ നൂറുകണക്കിനുണ്ട്. നമ്മളുടെ ചുറ്റുമുള്ളവർ ശരിയായി വ്രതമെടുക്കാത്തവരാണെന്നു കരുതി എല്ലാവരും അങ്ങനെയാണെന്ന മുൻവിധി പാടില്ല. നമ്മൾ കണ്ടിട്ടില്ല എന്നതല്ല ഒരു സംഗതി ഇല്ല എന്നതിന്റെ ആധികാരികത എന്ന ലളിതമായ യുക്തിയെങ്കിലും യുക്തിചിന്തയുള്ളവരെന്ന് അവകാശപ്പെടുന്നവർ ഉൾക്കൊള്ളണം.

തങ്ങളുടെ അനുഷ്ഠാനങ്ങൾ കൊണ്ട് തങ്ങൾക്ക് എന്തെങ്കിലും ഗുണം കിട്ടും എന്നു കരുതുന്നവരാണ് വിശ്വാസികൾ. അനുഷ്ഠാനങ്ങളിൽ വെള്ളം ചേർക്കുന്നവർക്ക് ഗുണഫലം കുറയും എന്നു കരുതി ആ വിശ്വാസികൾ സമാധാനിക്കും. അവർ 41 ദിവസം വ്രതമെടുക്കാത്തവരെയോ ഷേവു ചെയ്തവരെയോ ഇരുമുടി എടുക്കാത്തവരെയോ തടയാനൊന്നും പോകില്ല. അവർ യുവതികളേയും തടയില്ല. ഓരോരുത്തർക്കും അവരവർ അനുഷ്ഠിക്കുന്നതിന്റെ ഫലം കിട്ടുമെന്ന് വിശ്വസിക്കുന്നവരാണ് സാധാരണക്കാരായ വിശ്വാസികൾ.

സംഘപരിവാറുകാരല്ല അയ്യപ്പഭക്തരുടെ മാതൃകകൾ. അവരെ മുന്നിൽ കണ്ട് അങ്ങനെയാണ് അയ്യപ്പഭക്തരെന്ന രീതിയിൽ സാമാന്യമായി പരാമർശിച്ച് അപഹസിച്ചു പറയുന്നതൊക്കെ യഥാർത്ഥ വിശ്വാസികളെ മുറിപ്പെടുത്തും. സംഘപരിവാർ ലക്ഷ്യം വെക്കുന്നതും അതുതന്നെയാണ്. ആ മുറിവുകളെ വോട്ടുബാങ്കുകളാക്കുകയാണ് അവരുടെ ലക്ഷ്യം.

സുപ്രീം കോടതി വിധിയെ തുടർന്ന് ലിംഗസമത്വത്തിന്റെ കാര്യത്തിൽ നല്ല രീതിയിൽ ഒരു സാമൂഹിക മാറ്റം സാധ്യമാവേണ്ടതാണ്. എന്നാൽ, ആദ്യം ഇത്രകാലവും അവിടെ യുവതികൾക്ക് പ്രവേശനമില്ല എന്നു വിശ്വസിച്ചു വന്നിരുന്ന ആളുകളെ മനസിലാക്കാൻ വേണ്ട സൗമ്യത നാം കാണിക്കണം. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തുകയാണ് വേണ്ടത്. മറിച്ച് അവരെ പിന്തിരിപ്പൻ ചിന്താഗതിക്കാരാണെന്ന് ആക്ഷേപിച്ചും നവോത്ഥാനം തകർക്കുന്നവരാണെന്ന് കുറ്റപ്പെടുത്തിയും സംഘികളാണെന്ന് ടാഗ് കെട്ടിയും എതിർപ്പ് ഉണ്ടാക്കിക്കൊണ്ട് ഒരു പരിവർത്തനവും സാധ്യമല്ല. അത്തരത്തിൽ ചെയ്യുന്നതിനെ നവോത്ഥാനമെന്നതിനേക്കാൾ ഫാസിസമെന്ന് വിശേഷിപ്പിക്കേണ്ടി വരും.

shabarimala

വിധി വന്ന ദിവസം തന്ത്രിയെ ഉൾപ്പെടെ ചാനലുകൾ ഇന്റർവ്യൂ ചെയ്തിരുന്നു. നടയടയ്ക്കുമെന്നോ പൂട്ടിപ്പോവുമെന്നോ തന്ത്രി അന്നു പറഞ്ഞില്ല. വിധിയോട് വിയോജിപ്പുള്ളവർ പോലും അതിന് മനസുകൊണ്ട് കീഴടങ്ങിയിരുന്നു. ബന്ധപ്പെട്ടവരെ വിളിച്ച് ഒരു ചർച്ചയിലൂടെയോ മറ്റോ സുഗമമായി പരിഹരിക്കാമായിരുന്ന വിഷയം സർക്കാരിന്റെ സമീപനത്തിലെ പാളിച്ചമൂലം ചിലർക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിന് സുവർണ്ണാവസരമുണ്ടാക്കി കൊടുക്കുകയായിരുന്നു.

ഒരല്പം ശ്രദ്ധിച്ചിരുന്നെങ്കിൽ മതാടിസ്ഥാനത്തിൽ മലയാളി മനസുകൾ ധ്രുവീകരിച്ചു പോകുന്ന അവസ്ഥ സൃഷ്ടിക്കാതെ നോക്കാമായിരുന്നു. മുതലെടുപ്പുകാർക്ക് അവസരം കൊടുക്കാതിരിക്കാമായിരുന്നു. പക്ഷേ ഇപ്പോൾ സമൂഹം ഒരടി മുന്നോട്ടു വയ്‌ക്കേണ്ടതിന് പത്തടി പിന്നോട്ടു വച്ച അവസ്ഥയാണ്.

മനോഭാവത്തിൽ മാറ്റമുണ്ടാക്കാത്ത ഒരു പരിഷ്‌ക്കരണവും നിലനിന്നിട്ടില്ല. നവോത്ഥാനം മനോഭാവത്തെ മാറ്റിമറിച്ച ബോധവൽക്കരണ തരംഗമായിരുന്നു. അതിന്റെ പ്രായോഗികവും പ്രത്യക്ഷവുമായ ഫലങ്ങൾ പിന്നീടാണ് വന്നത്. ക്ഷേത്ര പ്രവേശനത്തിന് അവർണ്ണനുള്ള അവകാശം സവർണ്ണരെയും അവർണ്ണരെയും ബോധ്യപ്പെടുത്തി ഉറച്ച ഒരു മാറ്റമായി അത് പരിവർത്തനം ചെയ്തത് ക്ഷേത്രപ്രവേശന സമരം കഴിഞ്ഞ് ദശകങ്ങൾ കഴിഞ്ഞാണ് എന്നുകൂടി ഓർക്കുക.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *