വിശ്വാസി എന്ന നിലയ്ക്ക് ശബരിമലയിൽ പോയിരിക്കും; നിലപാട് വ്യക്തമാക്കി സൂര്യ ദേവാർച്ചന

  • 18
    Shares

മാലയിട്ട് വ്രതമെടുത്തുകൊണ്ടിരിക്കുന്ന ഒരു അയപ്പഭക്തയും വിശ്വാസിയുമാണ് ഞാൻ. അപ്പോൾ ശബരിമലയിൽ പോകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലല്ലോ! അത് നേരത്തെ സുവ്യക്തമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ശബരിമല ശാസ്താവിനെ കാണണം. അനുഗ്രഹം നേടണം. അതിനോടനുബന്ധിച്ച് ചിലത് സംസാരിക്കാനുള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു ഫേസ്ബുക്ക് സ്റ്റാറ്റസ്.

1. വിശ്വാസി എന്ന നിലയ്ക്ക് ശബരിമല ചവിട്ടി സന്നിദ്ധാനത്ത് എത്തി അയ്യപ്പനെ കാണാനുള്ള ഭരണഘടനാപരമായ അവകാശം എനിക്കുണ്ട്. അത് എന്റെ മൗലികാവകാശമാണ്. പരമോന്നത നീതിന്യായപീഠം ഇന്ത്യയിലെ സ്ത്രീകൾക്ക് അതനുവദിച്ച് തന്നിട്ടുമുണ്ട്. അതുകൊണ്ട് തന്നെ വിശ്വാസപരമായ എന്റെ അവകാശത്തെ എനിക്ക് അനുഭവിക്കനുള്ള അവസരം ഞാൻ വിനിയോഗിക്കാനാണ് ശബരിമല യാത്ര. അഥവാ എന്റെ വിശ്വാസം എനിക്ക് സംരക്ഷിച്ച് കിട്ടണം.

2. ആചാരങ്ങളുടെ പേരിൽ ഇനിയും മാറിനിൽക്കാൻ തയ്യാറല്ല എന്നാണ് പറഞ്ഞുവരുന്നത്. ‘മാറാത്ത’ ആചാരങ്ങൾ എന്ന കള്ളത്തരം ഇനിയും കേരളത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകൾക്ക് വകവെച്ച് തരാൻ സാധിക്കില്ല. കാരണം നിരവധിയായ ആചാരാനുഷ്ഠാനങ്ങൾ മാറിമാറി വന്നെത്തി നിൽക്കുന്നതാണ് ഇന്നത്തെ ഹിന്ദുമതം. ഒരുകാലത്തും അത് പണ്ടേക്കുപണ്ടേ നിന്നതായി നിന്നിട്ടില്ല. നിരവധി അനുഷ്ഠാനങ്ങൾ മാറിയിട്ടുണ്ട്. നമുക്ക് അതൊക്കെ അറിവുള്ളതാണ്. ആചാരങ്ങൾ വിവേചനത്തിലധിഷ്ഠിതമാണെങ്കിൽ അത് മാറ്റപ്പെടേണ്ടതാണ്. പിന്നെ ശബരിമലയിലെ സ്ത്രീവിലക്ക് നൂറ്റാണ്ടുകളായി നിലനിന്നിരുന്നതാണെന്നൊക്കെയുള്ള വാദങ്ങളെ ചരിത്രപരമായി വസ്തുതാപരമായി തന്നെ സുപ്രീം കോടതി തള്ളിക്കളഞ്ഞതാണ്. പത്തിരുപത് വർഷത്തെ പഴക്കമേ അതിനുള്ളു. അതുകൊണ്ട് അത്തരം വാദങ്ങൾ കൊണ്ടൊന്നും ഇനിയും മതസങ്കുചിതവാദികൾക്ക് പിടിച്ച് നിൽക്കാൻ സാധിക്കില്ല.

3. വിശ്വാസത്തെ കുറിച്ച് പറയുകയാണെങ്കിൽ എണ്ണിയാലൊടുങ്ങാത്ത വിശ്വാസങ്ങളിലാണ് ഹിന്ദുമതം നിലയുറപ്പിച്ചിരിക്കുന്നത്. ഓരോരുത്തർക്കും അവരവരുടേതായ വിശ്വാസപ്രമാണങ്ങളിൽ ജീവിക്കാൻ അവകാശമുണ്ട്. മുപ്പത്തിമുക്കോട് ദൈവങ്ങളെ ആചരിക്കുന്ന നിരവധിയായ ധാരകളിലാണ് അത് നിലയുറപ്പിച്ചിട്ടുള്ളത്. അവിശ്വാസികളടക്കമുള്ള പാരമ്പര്യധാരകൾ ഹിന്ദുമതത്തിൽ സഹജമാണ് എന്ന് ആർക്കാണറിയാത്തത്? അതുകൊണ്ട് തന്നെ ശബരിമലയിൽ കയറി അയ്യപ്പദർശനം നടത്തണമെന്നാഗ്രഹിക്കുന്ന ഭക്തകളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ എതിർപക്ഷത്ത് നിൽക്കുന്ന ആരും തന്നെ അർഹരല്ല, അവർക്ക് അധികാരവുമില്ല. സ്ത്രീകളെ കൂകിവിളിച്ചും തല്ലിയും ഭയപ്പെടുത്തിയും തെറിവിളിച്ചും വീടുകയറി ആക്രമിച്ചും, അശ്ലീലങ്ങൾ പറഞ്ഞുപരത്തിയും നുണകളാവർത്തിച്ചും കൊലവിളിനടത്തുന്ന ഗുണ്ടാ സംഘങ്ങളുടേത് വിശ്വാസവും ഒരു മനുഷ്യനുപോലും ആപത്തുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന സർവ്വചരാചരങ്ങൾക്കും ഐശ്വര്യമുണ്ടാകട്ടെ എന്നാഗ്രഹിക്കുന്ന തനിക്കും കുടുംബത്തിനും രാജ്യത്തിനും നാട്ടുകാർക്കും ഒക്കെയും നന്മയുണ്ടാവട്ടെ എന്നാഗ്രഹിക്കുന്ന അതിനായി മലകയറുന്ന അയ്യപ്പഭക്തകളുടേത് അവിശ്വാസമെന്നും പ്രഖ്യാപിക്കാൻ ഇവർക്ക് നാണമില്ലേ? ഇവരുടെ അളവുകോലെന്ത്? ഇവർ ആരുടെ പിൻതലമുറക്കാർ? ആചാരലംഘനം നടത്തിയെന്നപേരിൽ രാജാറാം മോഹൻ റോയിക്കെതിരെയും ശ്രീനാരായണഗുരുവിനെതിരെയുമൊക്കെ കലിതുള്ളി കൊലവിളികളുമായി ഇറങ്ങിയ അക്രമിക്കൂട്ടങ്ങളുടെ ഈ പിൻമുറക്കാരെ മാനിക്കെണ്ട, മുഖവിലക്കെടുക്കേണ്ട ബാധ്യത ഹിന്ദുസമൂഹത്തിന്, വിശിഷ്യ സ്ത്രീകൾക്ക് ഇല്ല എന്ന് തന്നെ വിശ്വസിക്കുന്നു.

4. എത്ര വൃത്തികെട്ട നിലയിലാണ് ഇവർ അയ്യപ്പനെ ചിത്രീകരിക്കുന്നത്? എത്ര ദുർബലനായ മൂർത്തിയായാണ്, എത്ര നിസ്സഹായനായ മൂർത്തിയായാണ് ഇവർ ലോകത്തിനുമുമ്പാകെ അയ്യപ്പനെ ചിത്രീകരിക്കുന്നത്? അയ്യപ്പനെ മോശമായി ചിത്രീകരിക്കുന്ന ഇവർ അല്ലേ സത്യത്തിൽ ഹുന്ദുമതവിരുദ്ധർ? ഇവരല്ലെ അയ്യപ്പവിരുദ്ധർ? ആത്മീയമായി വൃതമനുഷ്ഠിത്ത് തനിക്കു മുമ്പിൽ എത്തുന്ന ഭക്തകളായ മാളികപ്പുറത്തമ്മമാരെ കണ്ട് ബ്രഹ്മചര്യം നഷ്ടമാകുമോ എന്ന് ഭയക്കുന്ന അയ്യപ്പനോ? അതേതയ്യപ്പൻ? അപ്പോൾ ഈ ചിത്രീകരണം ആരുടേത്? എന്തിനുവേണ്ടിയുള്ളത്? തീർച്ചയായും സ്ത്രീകളായ ഭക്തകളെ അകറ്റിനിർത്താൻ ഇവർ എന്ത് ദ്രോഹമാണ് ചെയ്തുകൂട്ടുന്നത്? പൂജാരികളായവർക്ക് മാത്രം ബാധകമായ ബ്രഹ്മചര്യവ്യവസ്ഥ അവർക്ക് ബാധകമാക്കാതെ ഭക്തകളായ സ്ത്രീകൾക്കുമേൽ ഇവർ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്.

5. ആചാരപരിപാലനമാണ് ഇവരുടെ ലക്ഷ്യമെന്ന് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല എന്നതിന് നിരവധിയായ തെളിവുകൾ നമുക്ക് മുമ്പിലുണ്ട്. എത്രെയെത്ര ആചാരങ്ങൾ, അതും സ്ത്രീവിലക്കുപോലെയല്ല, നൂറ്റാണ്ടുകൾ തന്നെ പഴക്കമുള്ള ആചാരങ്ങൾ നശിപ്പിച്ച് തന്നെയല്ലേ ഇവർ അയ്യപ്പ ക്ഷേത്രം അടക്കിവെച്ചിരിക്കുന്നത്? അതിന് ചരിത്രപരമായ തെളിവുകൾ തന്നെ നമുക്ക് മുമ്പിലില്ലേ? എന്തെല്ലാം ആചാരങ്ങൾ ഇവർ തന്നെ ബലികഴിപ്പിച്ചിരിക്കുന്നു. അപ്പോൾ അതല്ല സ്ത്രീവിലക്കിന് കാരണം. മറിച്ച് തങ്ങളുടെ ആധിപത്യവും അധികാരവും നഷ്ടമാകുമോ എന്നുള്ള വേവലാതിയാണ് ബ്രാഹ്മണാദികളെയും പന്തളം കൊട്ടാരത്തെയും ബാധിച്ചിരിക്കുന്നത്. അതിന് ഞങ്ങൾ സ്ത്രീകളെ ഇവർ ഇരകളാക്കുകയാണ് ചെയ്യുന്നത്. കാരണം ഇപ്പോഴത്തെ കോടതിയുടെ ജനാധിപത്യ വിധികളിലൂടെ സ്ത്രീകളുടെ പ്രവേശനത്തെ സ്ഥാപിച്ചെടുത്താൽ പിന്നീട് അതേപോലെ തന്നെ മലയരയ വിഭാഗമടക്കമുള്ള ആദിവാസികളുടെ അവകാശവും സ്ഥാപിക്കാൻ സാധ്യതയുണ്ട് എന്ന് ഇവർ ഭയക്കുന്നു. അതിനെ മുളയിലേ നുള്ളാനാണ് വിശ്വാസത്തിൽ കോടതിക്ക് ഇടപെടാൻ അർഹതയില്ല എന്ന യുക്തിയെ സ്ഥാപിച്ചെടുക്കാനാണ് സ്ത്രീവിലക്കിനെ ഇവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതാവുമ്പോൾ തങ്ങളുടെ അണികളെയും വിശ്വാസികളായ ആണുങ്ങളെയും വൈകാരികമായി ഇളക്കിവിടാനും കോടതിയുടെ ഇടപെടലുകളെ തകർക്കാനും സാധിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു. ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ വിയോജന വിധിയെ വ്യാപകമായി ഇവർ തന്നെ പ്രചരിപ്പിക്കുന്നതിന്റെ അടിസ്താനവും ഇതുതന്നെയാണ്. ഒരു വിശ്വാസിയായ ഭക്തയായ സ്ത്രീ എന്ന നിലയിൽ ശബരിമലയുടെ എല്ലാ അവകാശങ്ങളും അതിന്റെ യഥാർത്ഥ അവകാശികളായ മലയരയ വിഭാഗത്തിന് തിരികെ നൽകാൻ പന്തളം കൊട്ടാരം തയ്യാറാകണം എന്നാവശ്യപ്പെടുകയാണ്. അവർ കോടതിയെ സമീപിച്ചു എന്നാണറിയുന്നത്. അതിനെ പൂർണമായും പിന്തുണക്കുന്നു. മാത്രവുമല്ല ഇതിനെ തടയിടാൻ ഇപ്പോൾ പന്തളം രാജകുടുംബവും ബ്രാഹ്മണാദികളും നടത്തിവരുന്ന കളികൾ അവസാനിപ്പിക്കണം. അതിന് സ്ത്രീകളെ ഇരയാക്കുന്ന രീതി അവസാനിപ്പിക്കണം. സ്ത്രീകൾക്ക് അവിടെ മുമ്പത്തേ പോലെ പ്രവേശിക്കാനും അയ്യപ്പനെ കണ്ട് അനുഗ്രഹം നേടാനും ഉള്ള അവകാശം അംഗീകരിക്കണം.

6. പ്രതിഷ്ഠാകർമ്മങ്ങളൊക്കെയും കയ്യടക്കിവെച്ചിരുന്ന ബ്രാഹ്മണാധികാരത്തെ വെല്ലുവിളിച്ച് ‘ഈഴവശിവ’പ്രതിഷ്ഠ നടത്തിയ ശ്രീനാരായണഗുരുവിന്റെ പാരമ്പര്യമാണ് കേരളത്തിനുള്ളത്. വിദ്യാഭ്യാസത്തിനും ഒരുമിച്ചിരുന്ന് പഠിക്കാനും അവകാശമില്ലാതിരുന്ന ഒരുകാലത്ത് അയ്യങ്കാളിയുടെ കൈപിടിച്ച് കയറിയ പാരമ്പര്യം കേരളത്തിനുണ്ട്. അതേ പാരമ്പര്യത്തിൽ നിന്നുകൊണ്ട് തന്നെയാണ് കേരളത്തിൽ ഞങ്ങൾ സ്ത്രീകൾ അയ്യപ്പനെ ആരാധിക്കാനും കാണാനും വരുന്നത്. നിങ്ങളുടെ ‘ദുർബ്ബലനായാ അയ്യപ്പനെ’ കാണാനല്ല വരുന്നത്, ഞങ്ങളുടെ അയ്യപ്പനെ, സ്ത്രീകളുടെ അയ്യപ്പനെ കാണാനാണ് വരുന്നത്.

7. ജനിതകമായി സ്ത്രീകളിൽ ഉൾച്ചേർന്നിട്ടുള്ള മാതൃഭാവമായ ആർത്തവത്തെ ചൊല്ലി, അഥവാ ശാരീരികാവസ്ഥയെ ചൊല്ലി അയിത്തം കൽപ്പിക്കുന്ന അനീതിയെ അംഗീകരിക്കേണ്ട ബാധ്യത സ്ത്രീകൾക്കില്ല. അത്തരത്തിലുള്ള അയിത്ത ശുദ്ധിസങ്കൽപ്പങ്ങളെ നവോത്ഥാന കേരളം വെല്ലുവിളിച്ചിട്ടുണ്ട് എന്നെന്നും. അതുകൊണ്ട് ആത്മാവിനാണ് ശുദ്ധി കൽപ്പിക്കേണ്ടത്. മനസുകൊണ്ട് വരിക്കുന്നതാണ് ശുദ്ധി. അതിനാണ് വ്രതം. അത്തരം വ്രതം മനസുകൊണ്ട് വരിച്ചിട്ടുണ്ട്. അത് അയ്യപ്പന് മനസിലായിക്കൊള്ളും. അയ്യപ്പന്റെ പേരിൽ തിണ്ണമിടുക്കുകാണിക്കുന്ന ഗുണ്ടകൾക്ക് അത് മനസിലാകണമെന്ന് ഒരാവശ്യവുമില്ല. മനസിലാക്കിക്കൊടുക്കേണ്ട ബാധ്യതയുമില്ല. ഹരിയെ മനസാവരിച്ച ഭക്തമീരക്കുമുന്നിലടയാത്ത ശ്രീകോവിലുകൾ ഞങ്ങൾക്കുമുമ്പിലും കൊട്ടിയടക്കാൻ ഹരിഹരസുതന് സാധിക്കില്ല. അതെനിക്കുമാത്രമല്ല, വിശ്വാസികളായിട്ടുള്ള എല്ലാവർക്കും മനസിലാകും.

8. ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ചെത്തുന്ന അയ്യപ്പഭക്തകൾക്ക് അയ്യപ്പദർശനം നടത്താനുള്ള അവസരം ഒരുക്കാൻ കേരളപോലീസ് സർവ്വവിധത്തിലും സുരക്ഷ നൽകുമെന്നും സർക്കാർ അതിനുള്ള ജാഗ്രതകാട്ടുമെന്നും വിശ്വസിക്കുന്നു. സർക്കാരിൽ തീർച്ചയായും വിശ്വാസമർപ്പിക്കുന്നു. പോലീസിനോട് സുരക്ഷ നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

സ്വാമിശരണം.

സ്നേഹപൂർവ്വം
സൂര്യ ദേവാർച്ചന

മാലയിട്ട് വ്രതമെടുത്തുകൊണ്ടിരിക്കുന്ന ഒരു അയപ്പഭക്തയും വിശ്വാസിയുമാണ് ഞാന്‍. അപ്പോള്‍ ശബരിമലയില്‍ പോകുമോ എന്ന…

Posted by സൂര്യ ദേവാർച്ചന on Monday, 22 October 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *